കണ്ണൂർ : പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾക്കു നേരെ അതിക്രമം നടത്തിയ സംഭവത്തിൽ അന്വേഷണം ദുർബലപ്പെടുത്താനുള്ള പോലീസ് നീക്കം സംശയാസ്പദമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ്. തിരഞ്ഞെടുപ്പ് കാലത്ത് വലിയ തോതിൽ സംഘർഷത്തിന് നീക്കമിട്ട് ബോധപൂർവ്വം നടന്ന അതിക്രമമാണ് ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യ പ്രസ്താവന നടത്തിയതാണ്. സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾക്കു നേരെ മാത്രമാണ് അതിക്രമം നടത്തിയത് എന്നതു കൊണ്ടുതന്നെ സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലാണ് സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തയാൾ സിപിഎം പശ്ചാത്തലമുള്ളയാളാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. വേണ്ട ഗൗരവത്തിൽ അല്ല തുടർനടപടികൾ ഉണ്ടായിരിക്കുന്നത്. അന്വേഷണം ഊർജിതമായി മുന്നോട്ടു കൊണ്ടു പോകുന്നതിൽ പോലീസിനു മേൽ ബാഹ്യ ഇടപെടലുകൾ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്. കൂടുതലാളുകൾ സംഭവത്തിനു പിന്നിലുണ്ടോയെന്നത് അന്വേഷിക്കണം. അറസ്റ്റിലായ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലവും അന്വേഷിക്കണം. രാഷ്ട്രീയ മുതലെടുപ്പിനായി ബോധപൂർവം നിയോഗിച്ചതാണോ ഇയാളെയെന്ന് സംശയമുണ്ട്. സംഭവത്തിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന രീതിയിൽ നടന്ന പ്രചാരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ കൃത്യമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.