
ശ്രീഹരിക്കോട്ട: ആഗോള ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ കരുത്ത് തെളിയിച്ച് ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റ് വീണ്ടും ചരിത്രം സൃഷ്ടിച്ചു. യുഎസ് കമ്പനിയായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ (AST SpaceMobile) അത്യാധുനിക ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 (ബ്ലൂബേര്‍ഡ് 6) വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് രാവിലെ 8.55-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണ തറയില്‍ നിന്നായിരുന്നു റോക്കറ്റിന്റെ വിജയകരമായ കുതിച്ചുയരല്‍.
എല്‍വിഎം3-എം6 (LVM3-M6) എന്നറിയപ്പെടുന്ന ഈ ദൗത്യം ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വാണിജ്യ വിക്ഷേപണങ്ങളിലൊന്നാണ്. ഏകദേശം 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേര്‍ഡ് 6 ഉപഗ്രഹം, ഒരു ഇന്ത്യന്‍ റോക്കറ്റ് ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ പേലോഡാണ്. ബഹിരാകാശത്ത് നിന്ന് സ്മാര്‍ട്ട്ഫോണുകളിലേക്ക് നേരിട്ട് 4G, 5G ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക ഉപഗ്രഹം വിഭാവനം ചെയ്തിരിക്കുന്നത്. സാധാരണ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പ്രത്യേക ടെര്‍മിനലുകളുടെയോ ഗ്രൗണ്ട് സ്റ്റേഷനുകളുടെയോ ആവശ്യമില്ലാതെ സാധാരണ ഫോണുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും.
വിക്ഷേപണത്തിന് ശേഷം 16 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഉപഗ്രഹം കൃത്യമായി ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ (Low Earth Orbit) എത്തിച്ചേര്‍ന്നു. 43.5 മീറ്റര്‍ ഉയരവും 640 ടണ്‍ ഭാരവുമുള്ള എല്‍വിഎം3 റോക്കറ്റിന്റെ തുടര്‍ച്ചയായ എട്ടാമത്തെ വിജയകരമായ ദൗത്യമാണിത്. 223 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള കൂറ്റന്‍ ഫേസ്ഡ് അറേ ആന്റിനയാണ് ഈ ഉപഗ്രഹത്തിന്റെ പ്രത്യേകത. വിക്ഷേപണ വിജയം ഐഎസ്ആര്‍ഒയുടെ വിശ്വാസ്യത ആഗോളതലത്തില്‍ ഒരിക്കല്‍ കൂടി ഉറപ്പിക്കുകയും ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തില്‍ പുതിയൊരു നാഴികക്കല്ല് കുറിക്കുകയും ചെയ്തു.
ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (NSIL) എഎസ്ടി സ്പേസ്മൊബൈലും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഈ വിക്ഷേപണം നടന്നത്. ചന്ദ്രയാന്‍-3 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ റോക്കറ്റ് തന്നെ ഇത്രയും ഭാരമേറിയ വാണിജ്യ ദൗത്യവും ഏറ്റെടുത്തത് വലിയ നേട്ടമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വിശേഷിപ്പിച്ചു. ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വരാനിരിക്കുന്ന നിര്‍ണ്ണായക ദൗത്യങ്ങള്‍ക്ക് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.