ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അരലക്ഷത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41 പേര്‍ കൂടി മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം ഗാസയിലെ ആശുപത്രിയിലെ ബോംബാക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടു.
18 മാസമായി ഹമാസുമായി ഇസ്രയേല്‍ യുദ്ധം ആരംഭിച്ചിട്ട്. 50,000 ലേറെ പേരുടെ ജീവനുകളാണ് ഇതിനോടകം ഇല്ലാതായത്. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അരലക്ഷത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. രണ്ടു മാസത്തെ വെടിനിര്‍ത്തലിനു ശേഷം ഗാസയില്‍ വ്യാപകമായ രീതിയില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് മരണസംഖ്യ 50,000 പിന്നിട്ടത്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചവരുടെ എണ്ണം 41 ആണ്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. 2023 ഒക്ടോബര്‍ 7നാണ് ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത്.
2025 ജനുവരി 18ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. ജനങ്ങളെ ഒഴിപ്പിക്കുന്നതിനൊപ്പം ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും ഇസ്രയേല്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഗസ്സയിലെ നാസര്‍ ആശുപത്രിയിലും ഇസ്രായേല്‍ ബോംബിട്ടു. മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനെയും ഇസ്രായേല്‍ വധിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചെടുത്ത് സൈനിക ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇസ്രായേല്‍.