ഹമാസിന്റെ 50 ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ത്തു; വാര്‍ത്താവിനിമയ ബന്ധവും തകര്‍ന്നു, ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

Jaihind Webdesk
Saturday, October 28, 2023


ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ചു. ഹമാസിന്റെ 50 ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും കമാന്‍ഡറെ വധിച്ചെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഗാസയില്‍ വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായി തകര്‍ന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡറെയും വധിച്ചു. വടക്കന്‍ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ഹമാസും വ്യക്തമാക്കി.

വ്യോമാക്രമണവും ശക്തമാണ്. ഗാസയില്‍ വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായി നിലച്ചു. ടെലിഫോണുകളോ ഇന്റര്‍നെറ്റോ ലഭ്യമല്ല. അതിനിടെ യമനില്‍ നിന്ന് ഹൂതി വമതരും ഇസ്രയേലിനെതിരെ ആക്രമണം തുടങ്ങി. ഇസ്രയേലിലേക്ക് അയച്ച റോക്കറ്റ് ഈജിപ്തിലാണ് പതിച്ചത്. ആറ് ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു,. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ലബനനില്‍നിന്ന് പൗരന്‍മാരോട് ഓഴിഞ്ഞുപോകാന്‍ യു.എസ്. നിര്‍ദേശിച്ചു. അതേസമയം, ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് യു.എന്‍. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം പൊതുസഭയില്‍ പാസായി. വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.