ഗാസയില്‍ ഏതുനിമിഷവും ഇസ്രായേലിന്റെ കരയാക്രമണം ഉണ്ടായേക്കും; ആകെ മരണം രണ്ടായിരം കടന്നു


ഗാസയില്‍ ഇസ്രയേലിന്റെ കരയാക്രമണം ഏതുനിമിഷവും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നുലക്ഷം സൈനികരെയാണ് ഇസ്രയേല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം ഇസ്രയേലിലും ഗാസയിലുമായി ആകെ മരണം രണ്ടായിരം കടന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് പിന്തുണ ആവര്‍ത്തിച്ചപ്പോള്‍ സംഘര്‍ഷത്തിന് കാരണം യു.എസ് ആണെന്ന് റഷ്യന്‍ പ്രസഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

ഉത്തരവ് ലഭിച്ചാലുടന്‍ കരയുദ്ധമെന്നാണ് ഇസ്രയേല്‍ സൈനിക മേധാവിയുടെ നിലപാട്. അതേസമയം ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യാമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേലിലേക്ക് ഇപ്പോഴും ഹമാസ് സംഘം നുഴഞ്ഞുകയറുന്നതായും റിപ്പോര്‍ട്ടുണ്ട്. അഷ്‌കലോണില്‍ ഇനിയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാനും ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു.

ഇസ്രയേലിന് പിന്തുണയറിയിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നാളെ ഇസ്രയേലില്‍ എത്തും. ആയുധങ്ങളുമായി യു.എസിന്റെ വിമാനം തെക്കന്‍ ഇസ്രയേലിലെത്തി. യുഎസ്എസ് ജെറാള്‍ഡ് പടക്കപ്പലും മെഡിറ്ററേനിന്‍ കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് കാരണം യുഎസിന്റെ തെറ്റായ പശ്ചിമേഷ്യന്‍ നയങ്ങളാണെന്നാണ് പുട്ടിന്റെ നിലപാട്. സംഘര്‍ഷം ആരംഭിച്ച ശേഷം ആദ്യമായാണ് പുട്ടിന്‍ പ്രതികരിക്കുന്നത്.

Comments (0)
Add Comment