ഐഎസ്എൽ : ഒഡീഷ എഫ് സിയെ പരാജയപ്പെടുത്തി കിരീട പോരാട്ടത്തിൽ സ്ഥാനമുറപ്പിച്ച് ബെംഗളൂരു എഫ് സി

B.S. Shiju
Friday, December 18, 2020

ഐ എസ് എല്ലിൽ ഈ സീസണിലും കിരീട പോരാട്ടത്തിൽ സ്ഥാനമുറപ്പിച്ച് ബെംഗളൂരു എഫ് സി വീണ്ടും ഒരു ഗംഭീര വിജയം സ്വന്തമാക്കി. ഒഡീഷ എഫ് സിയെ നേരിട്ട ബെംഗളൂരു ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

ബെംഗലൂരുവിനെതിരെ മത്സരം നന്നായി തുടങ്ങാൻ ഒഡീഷയ്ക്ക് ആയി. എന്നാൽ ഗോൾ കണ്ടെത്താൻ ആയില്ല. ഒരു ഗോൾ അടിച്ചു എങ്കിലും അത് ലൈൻ റഫറി തെറ്റായി ഓഫ്‌സൈഡ് വിളിച്ചു. അതിനു ശേഷം ഉണർന്നു കളിച്ച ബെംഗളൂരു എഫ് സി സുനിൽ ഛേത്രിയിലൂടെ ആദ്യ ഗോൾ കണ്ടെത്തി. ഖാബ്രയുടെ ക്രോസിൽ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു ഛേത്രിയുടെ ഗോൾ. ആദ്യ പകുതിയിൽ ഈ ഗോളിന് മറുപടി നൽകാൻ ഒഡീഷയ്ക്ക് ആയില്ല.

ഗോൾ നേടിയതോടെ ആദ്യമായി ഐ എസ് എല്ലിൽ 50 ഗോളുകളുടെ ഭാഗമാകുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സുനിൽ ഛേത്രി ക്ക് നേടാനായി. ഗോളും അസിസ്റ്റുമായി 50 ഗോളുകളുടെ ഭാഗമാകാൻ ഛേത്രിക്ക് കഴിഞ്ഞു. 80 മത്സരങ്ങളിൽ നിന്നാണ് ഛേത്രി ഈ നേട്ടത്തിൽ എത്തിയത്. 42 ഗോളുകളും ഒപ്പം 8 അസിസ്റ്റും ഛേത്രി ഇതുവരെ ഐ എസ് എല്ലിൽ സംഭാവന ചെയ്തു. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഇന്ത്യൻ താരവും സുനിൽ ഛേത്രിയാണ്.

രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്‌ലറിലൂടെ ഒഡീഷ സമനില കണ്ടെത്തി. പക്ഷെ എട്ടു മിനുട്ടുകൾക്ക് അകം ലീഡ് തിരികെ പിടിക്കാൻ ബെംഗളൂരുവിനായി. ഇത്തവണ വിദേശ താരം സിൽവ ആണ് വിജയ ഗോളുമായി എത്തിയത്.
ഈ വിജയം ബെംഗളൂരു എഫ് സിയെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചു. ആറു മത്സരങ്ങളിൽ 12 പോയിന്റാണ് ബെംഗളൂരുവിന് ഉള്ളത്. അതെസമയം ഒഡീഷയുടെ ആദ്യ വിജയം എന്ന സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് പറയേണ്ടിവരും.
ഒരു പോയിന്റ് മാത്രമുള്ള ഒഡീഷ ലീഗിൽ പത്താമത് ആണ്.ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷഡ്പൂരും തമ്മിലാണ് മത്സരം.