സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്നലെ ചിത്രം റിലീസിനെത്തിയത് മുതല്‍ സൈബര്‍ ഇടങ്ങളില്‍ വലിയ ഹേറ്റ് ക്യാമ്പയിന്‍ നടക്കുകയാണ്. സംഘപരിവാര്‍ പ്രൊഫൈലുകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സിനിമയെ സിനിമയായി കാണാന്‍ എന്തുകൊണ്ടാണ് സംഘപരിവാറിന് കഴിയാത്തത് എന്ന ചോദ്യവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
ലൂസിഫറിന്‍റെ രണ്ടാം ഭാഗം, മേക്കിങ്ങിലും ഡയറക്ഷനിലും ഹോളിവുഡിനോട് കിടപിടിക്കുന്നത്, താരനിരകളാല്‍ സമ്പന്നം, ഇതായിരുന്നു ഇന്നലെവെരെ സിനിമാ അസ്വാദകര്‍ക്ക് എമ്പുരാന്‍. എന്നാല്‍ എമ്പുരാന്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ കാഴ്ചപ്പാടുകള്‍ മാറുകയാണ്. പ്രത്യേകിച്ച് സംഘപരിവാര്‍ അണികള്‍ക്ക്. വിനോദോപാധി എന്നതില്‍ നിന്നു മാറി അതിനു രാഷ്ട്രീയമാനം കൊടുക്കുകയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മാതൃസംഘടനയിലെ നോതാക്കളും പ്രവര്‍ത്തകരും. കലയെ കലയായി കാണാന്‍ സംഘപരിവാറിന് കഴിയുന്നില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇതിലൂടെ. സംഘപരിവാരിന്‍റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ചാണ് എമ്പുരാന്‍റെ വരവ് എന്നാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരമൊരു പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ച്, അതില്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ രാഷ്ട്രീയ – വര്‍ഗീയ അജണ്ടകളെ തുറന്നു കാട്ടുവാന്‍ എമ്പുരാന്‍ ധൈര്യം കാട്ടി എന്നും നിരീക്ഷകര്‍ കാണിക്കുന്നുണ്ട്.
ഗുറാത്ത് വംശഹത്യക്ക് കാരണക്കാരയവര്‍ കേന്ദ്രം ഭരിക്കുന്നു എന്നത് ചരിത്രത്താളുകളില്‍ മായ്ക്കാന്‍ പറ്റാത്ത കറുത്ത ഏടായി മാറുമ്പോള്‍ പഴയതെല്ലാം എമ്പുരാനിലൂടെ ലോകം വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. എമ്പുരാനെ സംഘപരിവാര്‍ ഭയക്കുന്നു എന്നതാണ് സത്യം. സിനിമ തകര്‍ക്കാന്‍ പലഭാഗത്തും ഹേറ്റ് ക്യാമ്പയിനിങ് നടത്തുന്നെങ്കിലും എമ്പുരാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍വെച്ച ചരിത്ര സത്യത്തെ ഇല്ലാതാക്കാന്‍ ഒരു സംഘപരിവാര്‍ ശക്തിക്കും ആകില്ലെന്നാണ് സാമൂഹ്യമാധ്യമങ്ങളുടെ വിലയിരുത്തല്‍. എമ്പുരാന്‍ എന്ന സിനിമയുടെ മേക്കിങ്ങിനപ്പുറത്ത് സംഘപരിവാര്‍ രാഷ്ട്രീയം തുറന്നുകാട്ടിയ ചങ്കുറപ്പിന് സാമൂഹ്യമ മാധ്യമങ്ങള്‍ നിറഞ്ഞ കൈയ്യടിയാണ് നല്‍കുന്നത്. ഇതിലുള്ള അസ്വസ്ഥതയാണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിറയുന്നത്. സിനിമയ്ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൂട്ടക്കരച്ചില്‍ തുടങ്ങിയെന്നാണ് ചിലരുടെ പ്രതികരണം.
അതെ സമയം ബിജെപിയിലെ നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതയും മറനീക്കി പുറത്തുവരുന്നുണ്ട്. ചിത്രം ഇഷ്ടമുള്ളവര്‍ക്ക് കാണാം അല്ലാത്തവര്‍ക്ക് കാണാതിരിക്കാം എന്നായിരുന്നു ബിജെപി സംസ്ഥാനസെക്രട്ടറി എം.ടി. രമേശിന്‍റെ പ്രതികരണം. സിനിമയെ സിനിമയായിക്കാണണമെന്നും അതിനുള്ള സാമാന്യബുദ്ധി കേരളത്തിലുള്ളവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സാമൂഹികമാധ്യമത്തിലൂടെ ചിത്രത്തിന് ആശംസനേര്‍ന്നിരുന്നു. ‘വരുംദിനങ്ങളില്‍ ഞാനും എംപുരാന്‍ കാണുന്നുണ്ട്’ എന്നായിരുന്നു അദ്ദേഹം മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. എന്നാല്‍, വിവാദമുയര്‍ന്നതോടെ ഇതിനുകീഴില്‍ സിപിഎം അനുകൂലികള്‍ പരിഹാസകമന്‍റുകളിടുന്നുണ്ട്.
സിപിഎമ്മും സംഘപരിവാറും ഇങ്ങനെ പരസ്പരം ചെളിവാരിയെറിയുമ്പോള്‍ ചില കാര്യങ്ങള്‍ സിപിഎമ്മും ഓര്‍ക്കേണ്ടതുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിപി വധം പ്രമേയമാക്കിയ ടിപി 51 വെട്ട് എന്നീ സിനിമകള്‍ പുറത്തിറങ്ങിയ വേളയില്‍ ഹേറ്റ് ക്യാമ്പയിന്‍ നടത്തിയ പാര്‍ട്ടിയുടെ പേര് സിപിഎമ്മെന്നാണ്. ചുരുക്കത്തില്‍ തങ്ങള്‍ക്കെതിരെ വിമര്‍ശനമോ, ആക്ഷേപമോ വന്നാല്‍ എതിര്‍ക്കുന്നതില്‍ ഒട്ടും പിന്നിലല്ല സിപിഎമ്മും സംഘപരിവാറും. അല്ലെങ്കിലും ഒരു നാണയത്തിലെ ഇരുവശങ്ങളായ ഇരുപാര്‍ട്ടികള്‍ക്കും അങ്ങനെയല്ലേ കഴിയൂ.