ഇടുക്കി: മൂന്നാറിൽ സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്. ഇതുസംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.
മാക്സി മൂന്നാർ എന്ന കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടന്നത്. മൂന്നാർ സർവീസ് സഹകരണബാങ്കിന്‍റെ 97 ശതമാനം ഓഹരികളുള്ള മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും മതിയായ ഈടില്ലാതെ ബാങ്ക് കമ്പനിക്ക് 12 കോടി 25 ലക്ഷം രൂപ ഓവർഡ്രാഫ്റ്റായി അനുവദിച്ചെന്നുമാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. ബാങ്കിന്‍റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ റിസോർട്ട് ക്രമവിരുദ്ധമായി കമ്പനിക്ക് കൈമാറിയെന്നും ഇതിന് രജിസ്ട്രാറുടെ അനുമതി ഇല്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ലാഭം നല്‍കണമെന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്താത്തതിലൂടെ ബാങ്കിന് ലഭിക്കേണ്ട വരുമാനം ഇല്ലാതായെന്നും ഓഡിറ്റ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം റിസോർട്ട് വാങ്ങിയതിലും വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിലും വ്യാപക അഴിമതി നടന്നെന്ന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.