എണ്ണ കപ്പല്‍ ഇറാൻ നാവിക സേന പിടിച്ചെടുത്തു; മലയാളി ജീവനക്കാരുടെ കുടുംബങ്ങൾ ആശങ്കയില്‍; രാഹുൽ ഗാന്ധിക്ക് കത്തയച്ചു

Jaihind Webdesk
Monday, May 1, 2023

മലപ്പുറം:ഇറാൻ നാവിക സേന പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികൾ ഉൾപ്പടെയുള്ള ജീവനക്കാരെ രക്ഷിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുകൾ. 4 ദിവസമായി ഇവരുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സഹായം അഭ്യർത്ഥിച്ച് ബന്ധുക്കൾ രാഹുൽഗാന്ധിയെ സമീപിച്ചു. കപ്പലിലുള്ള മൂന്ന് മലയാളികളിൽ ഒരാൾ മലപ്പുറം ചുങ്കത്തറ സ്വദേശിയും, രണ്ടു പേർ കൊച്ചി സ്വദേശികളുമാണ്.

ഇറാൻ നാവിക സേന പിടിച്ചെടുത്ത എണ്ണ കപ്പലിലെ മലയാളി ജീവനക്കാരുടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. വിദേശകാര്യ മന്ത്രാലയവുമായും, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരിൽ ഒരാളായ മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമന്‍റെ  ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ4 ദിവസമായി കപ്പലിലുള്ളവരെക്കുറിച്ച് ഒരു വിവരവുമില്ലാത്തതിന്‍റെ ആശങ്കയിലാണ് സാം സോമന്‍റെ രക്ഷിതാക്കൾ.
കപ്പലിലുള്ള മൂന്ന് മലയാളികളിൽ രണ്ടു പേർ കൊച്ചി സ്വദേശികളും ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ഇവരുൾപ്പടെ 24 പേരാണ് കപ്പലിലുള്ളത്. കുവൈത്തിൽ നിന്നും എണ്ണയുമായി യുഎസിലേക്ക് പോകുന്നതിനിടെ വ്യാഴാഴ്ചയാണ് എണ്ണക്കപ്പൽ ഇറാൻ നാവിക സേന പിടിച്ചെടുത്തത്. ഇവരുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യസഹ മന്ത്രിക്കുമെല്ലാം ബന്ധുക്കൾ കത്തയച്ചിട്ടുണ്ടെങ്കിലും യാതൊരു വിവരവും ലഭ്യമായിട്ടില്ല.

ജീവനക്കാരുടെ മോചനത്തിനായി അടിയന്തര സഹായം അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധിക്ക് സാം സോമന്‍റെ രക്ഷിതാക്കൾ കഴിഞ്ഞദിവസം കത്തയച്ചിട്ടുണ്ട്.