ഐഫോണ്‍ സിപിഎമ്മിന് ബൂമറാങ്ങായി ; പരിഹസിച്ച് വി.ഡി സതീശനും വി.ടി ബല്‍റാമും; കുറിപ്പ്

Jaihind News Bureau
Saturday, October 3, 2020

യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന്‍റെ മുന്‍ പി.എയും അഡീ. പ്രോട്ടോക്കോള്‍ ഓഫീസറുമായ എ.പി രാജീവന്‍ ഐഫോണ്‍ കൈപ്പറ്റുന്ന ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിനുപിന്നാലെ സിപിഎമ്മിനെ പരിഹസിച്ച്  വി.ടി ബല്‍റാം എംഎല്‍എയും വി.ഡി സതീശന്‍ എംഎല്‍എയും.

പ്രതിപക്ഷ നേതാവിനെതിരെ ഐഫോൺ വ്യാജ ആരോപണം സിപിഎം ഏറ്റെടുക്കില്ലെന്ന് പാർട്ടി കമ്മിറ്റി കൂടി തീരുമാനിച്ചത് ചാനലുകൾക്ക് മുന്നിലവർ തള്ളിയിരുന്നത് പോലെ ധാർമ്മികത കൊണ്ടൊന്നും അല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്ന് വി.ടി ബല്‍റാം കുറിച്ചു.  പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ഫോൺ ആരോപണം അന്വേഷിക്കുമ്പോൾ കോടിയേരിയുടെ പഴയ സ്റ്റാഫിന്‍റെ പോക്കറ്റിലിരുന്ന് ഫോൺമണിയടിക്കുമെന്നായിരുന്നു വി.ഡി സതീശന്‍റെ പരിഹാസം.

വി.ഡി സതീശന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ബൂമറാംഗ് എന്നാൽ എന്താണ് സർ ? നമ്മൾ ഒരാൾക്കെതിരെ ഉപയോഗിക്കുന്ന ആയുധം തിരിച്ച് നമ്മുടെ നേരെ വരുന്നതിനെയും അങ്ങിനെ പറയാം. ഉദാഹരണം:- പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ഫോൺ ആരോപണം അന്വേഷിക്കുമ്പോൾ കോടിയേരിയുടെ പഴയ സ്റ്റാഫിന്റെ പോക്കറ്റിലിരുന്ന് ഫോൺമണിയടിക്കും.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപ്പിടുത്തമുണ്ടായപ്പോൾ അതന്വേഷിക്കാനുള്ള ടീമിൽ ഉൾപ്പെടുത്തപ്പെട്ട High Integrity യുള്ള ഉദ്യോഗസ്ഥരുടെ കൂട്ടത്തിലെ ആദ്യ പേരുകാരനാണ് ഈ ഐഫോണും പിടിച്ചു നിൽക്കുന്ന ചേട്ടൻ. കോടിയേരി ബാലകൃഷ്ണൻ എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രി ആയിരിക്കുമ്പോഴും പേഴ്സണൽ സ്റ്റാഫ് ആയിരുന്നയാളാണ് ഇദ്ദേഹം. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ നേതാവ്. തീപ്പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നും ഫയലൊന്നും കത്തിപ്പോയില്ലെന്നും എല്ലാം ഭദ്രമാണെന്നും പിന്നീട് റിപ്പോർട്ടും വന്നു. ഏതായാലും പ്രതിപക്ഷ നേതാവിനെതിരെ ഐഫോൺ വ്യാജ ആരോപണം സിപിഎം ഏറ്റെടുക്കില്ലെന്ന് ഇന്നലെ പാർട്ടി കമ്മിറ്റി കൂടി തീരുമാനിച്ചത് ചാനലുകൾക്ക് മുന്നിലവർ തള്ളിയിരുന്നത് പോലെ ധാർമ്മികത കൊണ്ടൊന്നും അല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി.