കളിയല്ല കള്ളവോട്ട്; ശിക്ഷ തടവും പിഴയും

Jaihind Webdesk
Saturday, April 27, 2019

കണ്ണൂരില്‍ സി.പി.എമ്മിന്‍റെ കള്ളവോട്ട് തുടര്‍ക്കഥയാണെങ്കിലും പലപ്പോഴും ഇതൊന്നും തെളിവ് സഹിതം നിയമത്തിന് മുന്നിലെത്താറില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞാല്‍ കള്ളവോട്ടിന്‍റെ കഥകള്‍ പഴങ്കഥകളാകാറാണ് പതിവ്. എന്നാല്‍ ഇക്കുറി മൂന്നാം കണ്ണ് ഇതെല്ലാം ഒപ്പിയെടുത്തു. അതുകൊണ്ടുതന്നെ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും വെറും ആരോപണങ്ങളാകാതെ കള്ളവോട്ട് തെളിവ് സഹിതം ചര്‍ച്ചയായി. ഇതോടെ കള്ളവോട്ട് ആചാരത്തിന് നിയമനടപടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സി.പി.എം സഖാക്കള്‍. കള്ളവോട്ടിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ അനുശാസിക്കുന്നത് തടവും പിഴയുമാണ്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ക്ക് ഐ.പി.സി 171 എ മുതല്‍ ഐ വരെയുള്ള വകുപ്പുകളനുസരിച്ചാണ് കേസ് എടുക്കുന്നത്. കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞാല്‍ കിട്ടാവുന്ന പരമാവധി ശിക്ഷ തടവും പിഴയുമാണ്. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്താല്‍ 171 ഡി വകുപ്പ് ആണ് ചുമത്തുക. 1  വര്‍ഷം തടവും പിഴയുമോ ഇതിലേതെങ്കിലും ഒന്ന് മാത്രമോ ശിക്ഷയായി ചുമത്തപ്പെടും. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടത്തിയ സി.പി.എം സഖാക്കളുടെ കുറ്റം തെളിയിക്കപ്പെട്ടാല്‍ ഈ വകുപ്പുകള്‍ പ്രകാരം കേസെടുക്കാം. കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടാല്‍ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിക്കാം.

സി.പി.എം മൂലമറ്റം ഏരിയാ സെക്രട്ടറി കെ.എൽ ജോസഫ് 2014ൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് കേസായിരുന്നു. കാഞ്ഞാർ പൊലീസാണ് 171 ഡി വകുപ്പ് പ്രകാരം അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂലമറ്റം ഐ.എച്ച്‌.ഇ.പി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മൂലമറ്റം ഗവണ്‍മെന്‍റ് വി.എച്ച്‌.എസ്‌.എസിലെ ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ കള്ളവോട്ട് ശ്രമം കയ്യോടെ പിടികൂടിയതോടെ സഖാവ് ഓടി രക്ഷപ്പെടുകയായിരുന്നു.