‘കള്ളവോട്ട് CPM മുടങ്ങാതെ നടത്തുന്ന ആചാരം; ഇത്തവണ ചതിച്ചത് സാമ്രാജ്യത്വ ഉപകരണമായ CC TV’ – സി.പി.എമ്മിനെ പരിഹസിച്ച് പി.സി വിഷ്ണുനാഥ്

Jaihind Webdesk
Saturday, April 27, 2019

pc-vishnunath

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ  സി.പി.എമ്മിനെതിരെ കടുത്ത പരിഹാസവുമായി എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. സി.പി.എം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞതെന്ന ചോദ്യം ഉന്നയിക്കുന്ന വിഷ്ണുനാഥ് കള്ളവോട്ട് എന്നത് സി.പി.എം മുടങ്ങാതെ നടത്തുന്ന ആചാരമാണെന്നും പരിഹസിച്ചു.

‘സി.പി.എം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്? എല്ലാ തെരഞ്ഞെടുപ്പിലും മുടങ്ങാതെ ആവർത്തിക്കുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു. മരിച്ചവർ തിരിച്ചു വരുന്ന ദിവസം !’ – വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

പക്ഷേ ഇത്തവണ സി.പി.എമ്മിന്‍റെ ‘ആചാരം’ സാമ്രാജ്യത്വ ഉപകരണമായ സി.സി ടി.വി പുറത്തുവിട്ടെന്നും, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും തോല്‍പിക്കാന്‍ കള്ളവോട്ടും ആയുധമാക്കാമെന്ന് ഇനി സാംസ്കാരിക നായകര്‍ക്ക് വാദിക്കാമെന്നും പി.സി വിഷ്ണുനാഥ് പരിഹസിച്ചു.

പി.സി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കാണാം:

“സിപിഎം ആചാരങ്ങൾക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവർത്തിച്ചു; മരിച്ചവർ തിരിച്ചു വരുന്ന ദിവസം ! പക്ഷെ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ CCTV ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇനി സാംസ്കാരിക നായകന്മാർക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം . “കള്ളവോട്ടും കലയും” എന്ന വിഷയത്തിൽ ദേശിയ, സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തിൽ സെമിനാർ, 25 വർഷം തുടർച്ചയായി കള്ളവോട്ടു ചെയ്‌തവരെ ആദരിക്കൽ, കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം. വേഗമാകട്ടെ സാംസകാരിക കേരളം കാത്തിരിക്കുന്നു.”