‘സ്വകാര്യതയിലേക്ക് കടന്നുകയറ്റം’: ‘സഞ്ചാര്‍ സാഥി’ നിര്‍ബന്ധമാക്കിയതിനെതിരെ കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, December 2, 2025

മൊബൈല്‍ ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. സൈബര്‍ തട്ടിപ്പ് തടയുന്നതിനുള്ള ഈ നീക്കം വ്യക്തിഗത സ്വകാര്യതയുടെ ലംഘനമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി ശക്തമായി വിമര്‍ശിച്ചു.
സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശക്തമായ സംവിധാനം ആവശ്യമാണെന്ന് സമ്മതിച്ച പ്രിയങ്ക ഗാന്ധി, എന്നാല്‍ ഈ പുതിയ ഉത്തരവ് സ്വകാര്യത ലംഘിക്കുന്നതാണെന്ന് ആരോപിച്ചു.

‘ഇതൊരു ഒറ്റപ്പെട്ട കാര്യമല്ല. ഇത് വെറും ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല. അവര്‍ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് മാറ്റുകയാണ്. എന്തിനാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കാത്തതെന്ന് നിങ്ങള്‍ ചോദിച്ചാല്‍, അവര്‍ ഒരു വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതുകൊണ്ടാണ്,’ പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷത്തെ മാത്രം കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്, എന്നാല്‍ അവര്‍ ഒരു ചര്‍ച്ചയും അനുവദിക്കുന്നില്ല എന്നതാണ് സത്യം എന്നും പ്രിങ്ക കൂട്ടിച്ചേര്‍ത്തു.

സൈബര്‍ സുരക്ഷയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും, തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഫലപ്രദമായ സംവിധാനം വേണം എന്നും പറഞ്ഞ പ്രിയങ്ക ഗാന്ധി, ഈ നിയമം പൗരന്‍മാരുടെ സ്വകാര്യത ലംഘിക്കുന്നു എന്ന് ആവര്‍ത്തിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയും കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചു.

‘എല്ലാ പൗരന്‍മാരും ഫോണില്‍ എന്താണ് ചെയ്യുന്നതെന്ന് സര്‍ക്കാരിന് കാണാന്‍ സാധിക്കുന്നതും, സൈബര്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ എളുപ്പമുള്ളതും തമ്മില്‍ ഒരു നേരിയ അതിര്‍വരമ്പുണ്ട്. അങ്ങനെയല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്,’ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തീരുമാനിക്കാന്‍ ഉടന്‍ യോഗം ചേരുമെന്നും അവര്‍ അറിയിച്ചു.

ഇന്ത്യയില്‍ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന എല്ലാ മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും ‘സഞ്ചാര്‍ സാഥി’ ആപ്ലിക്കേഷന്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന് ഡോട്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ആദ്യമായി ഉപകരണം ഉപയോഗിക്കുമ്പോഴോ അല്ലെങ്കില്‍ ഡിവൈസ് സെറ്റപ്പിന്റെ സമയത്തോ ആപ്ലിക്കേഷന്‍ ഉപയോക്താവിന് എളുപ്പത്തില്‍ കാണാനും ഉപയോഗിക്കാനും കഴിയണം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനോ തടസ്സപ്പെടുത്താനോ പാടില്ല.

ഇതിനകം നിര്‍മ്മിക്കുകയും രാജ്യത്തുടനീളമുള്ള വിപണന ശൃംഖലയിലായിരിക്കുകയും ചെയ്യുന്ന ഉപകരണങ്ങളില്‍, സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ വഴി ആപ്ലിക്കേഷന്‍ നല്‍കാന്‍ നിര്‍മ്മാതാക്കളോടും ഇറക്കുമതിക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ മൊബൈല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുക, ടെലികോം വിഭവങ്ങളുടെ ദുരുപയോഗം എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമൊരുക്കുക, കൂടാതെ ‘സഞ്ചാര്‍ സാഥി’ സംരംഭത്തിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് നവംബര്‍ 28 ന് പുറത്തിറക്കിയ ഉത്തരവില്‍ മന്ത്രാലയം വിശദീകരിക്കുന്നു.

ടെലികമ്മ്യൂണിക്കേഷന്‍ സൈബര്‍ സെക്യൂരിറ്റി (ടി.സി.എസ്.) നിയമങ്ങള്‍ അനുസരിച്ച്, ഐ.എം.ഇ.ഐ നമ്പര്‍ ഉള്ള ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ അധികാരമുണ്ട്. മോഷ്ടിക്കപ്പെട്ടതോ കരിമ്പട്ടികയില്‍ പെടുത്തിയതോ ആയ ഉപകരണങ്ങള്‍ വീണ്ടും വില്‍ക്കുന്ന കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.