പീഡനക്കേസ് ഒതുക്കാന്‍ ഇടപെടല്‍; മന്ത്രി ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് ഇന്ന് പരാതി നല്‍കും

Jaihind Webdesk
Friday, July 23, 2021

 

കൊല്ലം : മന്ത്രി എ.കെ ശശീന്ദ്രനെതിരെ കുണ്ടറ പീഡന കേസിലെ പരാതിക്കാരി ഇന്ന് ഗവർണർക്ക് പരാതി നൽകും. കേസ് ഒതുക്കുവാൻ മന്ത്രി നടത്തിയ ഇടപെടലിനെക്കുറിച്ചും മന്ത്രിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെയും ഗവർണർക്ക് പരാതി നൽകുമെന്ന് പെൺകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു.

കുണ്ടറയിലെ പീഢനപരാതിയിൽ ഒത്തുതീർപ്പിനും സ്വാധീനത്തിനും മന്ത്രി എ.കെ ശശീന്ദ്രൻ ശ്രമിച്ചു എന്ന് പെൺകുട്ടി മൊഴി നൽകിയ സാഹചര്യത്തിൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകണമെന്ന നിലപാടിലാണ് പൊലീസ്. മന്ത്രിക്കെതിരെ പെൺകുട്ടിയുടെ മൊഴിയുണ്ടായ സാഹചര്യത്തിൽ ശശീന്ദ്രനെതിരെ ഏത് തരത്തിൽ അന്വേഷണം നടത്തുമെന്ന കാര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.

പരാതിക്ക് ആധാരമായ സംഭവം മാർച്ചിൽ നടന്നു എന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. മാസങ്ങൾക്കു മുമ്പുള്ള സംഭവമായതിനാൽ കുട്ടിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് തെളിവുകൾ കണ്ടെത്തുവാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാകും പെൺകുട്ടി മൊഴി നൽകിയിട്ടുള്ള എൻസിപി നേതാവ് ജി പത്മാകരൻ, ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരൻ രാജീവ് എന്നിവർക്കെതിരെ പൊലീസ് തുടർ നടപടി സ്വീകരിക്കുക. ഇരുവരേയും എന്‍സിപിയിൽ നിന്നും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.