കുൽഭൂഷൻ ജാദവ് കേസിൽ രാജ്യാന്തര നീതിന്യായ കോടതി ഈ മാസം 17ന് വിധി പറയും. ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാൻ പാക്കിസ്ഥാൻ പട്ടാളക്കോടതി വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിലാണ് കോടതി വിധി പറയുന്നത്.
റിട്ടയേർഡ് നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിന് ചാരവൃത്തി ആരോപിച്ച് 2017 ഏപ്രിലിലാണ് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. പാക് പട്ടാളക്കോടതി വിധിയെ ചോദ്യം ചെയ്തു മേയിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. മുൻ സോളിസ്റ്റർ ജനറൽ ഹരീഷ് സാൽവേയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 2019 ഫെബ്രുവരി മാസത്തിൽ നടന്ന വാദംകേൾക്കൽ നാലുദിവസം നീണ്ടുനിന്നിരുന്നു. പാക് കോടതി ശരിയായ വിചാരണ കൂടാതെയാണ് ജാദവിനെ ശിക്ഷിച്ചത്. ഇത് അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യ വാദിച്ചിരുന്നു.