ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം. സംസ്ഥാനത്തെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥരും അഴിമതിയാരോപണങ്ങളിൽ അന്വേഷണം നേരിടുമ്പോളാണ് മറ്റൊരു അഴിമതി വിരുദ്ധദിനം കൂടി കടന്നുവരുന്നത്. അതേസമയം ജനവിരുദ്ധ നയങ്ങളെയും കൂട്ടുപിടിച്ച് കോർപ്പറേറ്റ് മുതലാളിമാർക്ക് ഒത്താശ പാടുന്ന കേന്ദ്ര ഭരണവും ഇന്ന് ജനാധിപത്യ മൂല്ല്യങ്ങൾക്ക് തന്നെ വെല്ലുവിളിയാകുകയാണ്.
2003-ൽ ചേർന്ന ഐക്യരാഷ്ട്രസംഘടനയുടെ കൺവെൻഷനിലാണ് അഴിമതിയ്ക്കെതിരെ സമൂഹത്തിൽ ബോധവൽക്കരണം നടത്തണം എന്ന ലക്ഷ്യത്തോടെ ഈ ദിനം അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. രാജ്യം ജനാധിപത്യ മൂല്ല്യങ്ങളിൽ ലോകത്ത് തലയെടുപ്പോടെ നിൽക്കുമ്പോഴും ജനപ്രതിനിധികൾ തന്നെ പ്രതികളാകുന്ന അഴിമതിയുടെയും രാജ്യദ്രോഹത്തിന്‍റെയും അന്വേഷണങ്ങളും തുടർ പരമ്പരകളും, രാജ്യത്തിന് തീരാശാപമായി തന്നെ തുടരുന്നു. ജനങ്ങളുടെ പണവും അധികാര ഗർവ്വും തലക്കുപിടിച്ച ഒരുകൂട്ടം ഉദ്ധ്യോഗസ്ഥരുടെ അഴിമതി കഥകൾ പുറത്ത് വരികയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിനും ഇന്ന് രാജ്യം സാക്ഷിയാകുകയാണ്. അതേസമയം അഴിമതിക്കെതിരെ രാജ്യത്ത് പല കോണുകളിലും ഉയരുന്ന പ്രക്ഷോഭങ്ങൾക്കും ഇന്നും അറുതിയില്ല. അഴിമതിക്കെതിരായ നിയമമുണ്ടായിട്ടും നീതിപീഠത്തെപോലും നോക്കുകുത്തിയാക്കികൊണ്ടുളള അഴിമതികളാണ് പലയിടത്തും നടക്കുന്നത്. അന്നും ഇന്നും പാവപ്പെട്ട ജനങ്ങൾ ഇത്തരം കൊള്ളയ്ക്ക് ഇരകളാകുമ്പോൾ അനീതിയുടെ സംരക്ഷണം അഴിമതി നടത്തുന്നവർക്ക് മാത്രമാകുകയാണ്. വർഷങ്ങളായി അഴിമതി വിരുദ്ധ ദിനം ആചരിച്ചിട്ടും ഈ രാജ്യത്തിനോ അതിലുപരി ലോകത്തിനു തന്നെ അഴിമതി മുക്തമാകാൻ കഴിയാത്തത് എന്തെന്നുള്ള ചോദ്യവും ഈ ദിനത്തിൽ പ്രസക്തമാകുകയാണ്.
സമൂഹത്തിന്‍റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ അഴിമതിയിലൂടെ ഉണ്ടാകുന്നു.
അഴിമതി നടത്തി പണം സമ്പാദിക്കുന്നത് സാമൂഹികവിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടായെങ്കിൽ മാത്രമേ സമൂഹത്തെ കാർന്നു തിന്നുന്ന ഈ അർബുദത്തെ നമുക്ക് തുടച്ചുനീക്കാനാവൂ. എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു. സമൂഹം തിരിച്ചറിവിന്റെ പാതയിൽ സഞ്ചരിക്കുന്ന വേളയിൽ ജനാധിപത്യ മൂല്യങ്ങൾക്ക് കളങ്കമാകുന്ന യാതൊരു അഴിമതിയെയും രാജ്യത്തിന്‍റെ യുവ തലമുറ ഇനി വെച്ച് വാഴിക്കുകയില്ല. ജരാനരകൾ പേറുന്ന തത്വശാസ്ത്രങ്ങൾ നയിക്കുന്ന രാഷ്ട്രീയം മാറി, ജനാധിപത്യത്തിന്‍റെ തുടിപ്പിൽ സമൂഹനന്മയ്ക്കായി തിളക്കുന്ന യുവതലമുറ അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് പ്രത്യാശിക്കാം.