ഈസ്റ്റർ ദിവസം കൊളംബോയിൽ നടന്ന ഭീകരാക്രമണം നടന്നത് അധികൃതരുടെ ഗുരുതര അനാസ്ഥ മൂലമെന്ന് റിപ്പോർട്ട്. ഭീകരാക്രമത്തെ കുറിച്ച് രഹസ്യാന്വേഷണ മുന്നറിയിപ്പ് ഇന്ത്യ നൽകിയിരുന്നതായും വ്യക്തമാകുന്നു. ആക്രമണത്തിനു പിന്നുള്ള സംഘം, തലവൻറെ പേര്, മറ്റ് അംഗങ്ങളുടെ പേരുകൾ തുടങ്ങി വിശദമായ മുന്നറിയിപ്പാണ് ഇന്ത്യ നൽകിയതെന്നാണ് പ്രമുഖ വാർത്താഏജൻസി റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിനു 10 ദിവസം മുമ്പാണ് അയൽരാജ്യത്തിന് ഇന്ത്യ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയത്.മൂന്നു പുറത്തിലാണ് വിശദമായ കുറിപ്പ് ഇന്ത്യ കൈമാറിയത്. ആക്രമണം നടത്തുന്നവരുടെ ഒളിസങ്കേതം, ഇതിൻറെ വിലാസം, ഫോൺനമ്പറുകൾ, പശ്ചാത്തലം എന്നിവയും കുറിപ്പിൽ വിശദമായി പറയുന്നുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷനും പള്ളികളുമാണ് ഭീകരർ ലക്ഷ്യംവയ്ക്കുന്നതെന്നും ഇതിൽ സൂചിപ്പിക്കുന്നു. എന്നാൽ വിശദമായ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി എടുക്കാൻ ശ്രീലങ്കൻ അധികൃതർക്ക് സാധിച്ചില്ല.രഹസ്യാന്വേഷണ മുന്നറിയിപ്പ് അവഗണിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ പ്രതിരോധ സെക്രട്ടറിയെയും പോലീസ്മേധാവിയെയും രാജിവയ്പിച്ചു. ഇന്ത്യയിൽനിന്നു രഹസ്യാന്വേഷണ മുന്നറിയിപ്പ് ലഭിച്ചിട്ടു വേണ്ട നടപടി എടുക്കാത്തതിനെ തുടർന്നാണു നടപടി. പ്രസിഡൻറ് മൈത്രിപാല സിരിസേന ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു. പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയും പോലീസ് ഐജി പുജിത് ജയസുന്ദരയും ഇന്നലെ രാജിനല്കി. കൊളംബോയിലെ സമ്പന്ന വ്യാപാരി മുഹമ്മദ് ഇബ്രാഹിമിൻറെ രണ്ടു പുത്രന്മാരും മരുമകളും ചാവേറുകളിൽ പെട്ടിരുന്നു. കൊളംബോയിലെ ഭീകരരുടെ ഒളിത്താവളത്തിലായിരുന്ന യുവതി ഞായറാഴ്ച പോലീസ് സംഘം അവിടെ എത്തിയപ്പോൾ ചാവേറായി പൊട്ടിത്തെറിച്ചു. മൂന്നു പോലീസ് ഓഫീസർമാർ ഇതിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ എൽടിജെയുടെ തമിഴ്നാട്ടിലെ സഹകാരികളുടെ താവളങ്ങൾ റെയ്ഡ് ചെയ്തിട്ടുണ്ട്.