ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മാവോയിസ്റ്റ് ഭീഷണിയുണ്ടായേക്കുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

Jaihind Webdesk
Friday, March 22, 2019

കാസർകോട്ടെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. കാസർകോട് മണ്ഡലത്തിലെ കർണാടകയോട് ചേർന്ന കിഴക്കൻ മലയോര പ്രദേശത്തെ തിരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്നാണ് ഭീഷണി. പ്രദേശത്ത് സുരക്ഷയൊരുക്കി നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.

കണ്ണൂർ, കാസർകോട് അതിർത്തിയിലെ ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള വനമേഖലകളിലും അതിർത്തി ഗ്രാമങ്ങളിലുമാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും തടസപ്പെടുത്തുമെന്നും ഭീഷണിയുള്ളത്. ഇതുസംബന്ധിച്ച് പൊലീസ്, ഇന്റലിജൻസ് രഹസ്യാനേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടുകളെ തുടർന്ന് കോയമ്പത്തൂരിൽ നിന്നുള്ള സി.ഐ.എസ്.എഫിന്‍റെ സംഘം മലയോരത്ത് പരിശോധന നടത്തി. ആഭ്യന്തര വകുപ്പിന്‍റെയും ഇലക്ഷൻ കമ്മിഷന്‍റെയും നിർദ്ദേശത്തെ തുടർന്ന് അതിർത്തിയിലെ വനമേഖലയിൽ സംയുക്ത സംഘവും പരിശോധന നടത്തി. ചിറ്റാരിക്കാൽ, രാജപുരം, വെള്ളരിക്കുണ്ട് ഭാഗങ്ങളിൽ കാസർകോട് ജില്ലാ കളക്ടർ ഡോ. സുജിത് ബാബു, ജില്ലാ പൊലീസ് ചീഫ് ജെയ്‌സൺ ജോസഫ്, കാസർകോട് ഫോറസ്റ്റ് ഓഫീസർ രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. മണീക്കുറുകളാണ് സംഘം പരിശോധന നടത്തിയത്. കാട്ടിലെ പോളിംഗ് ബൂത്തുകളും പരിശോധിച്ചു. ചിറ്റാരിക്കാൽ, തയ്യേനി, പാലാവയൽ, കൊന്നക്കാട്, പാണത്തൂർ ഭാഗങ്ങളിലെ കാട്ടിനുള്ളിൽ വ്യാപകമായ തെരച്ചിലും നടത്തിയാണ് സംഘം മടങ്ങിയത്.