നേര്യമംഗലം വനമേഖലയില്‍ ആയുധധാരികളെ കണ്ടെന്ന് വിവരം; വനം വകുപ്പും പോലീസും തിരച്ചില്‍ നടത്തി

തൊടുപുഴ: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ ആയുധധാരികളെ കണ്ടെന്ന് വിവരം. വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നു. മലയാറ്റൂര്‍ റിസര്‍വിന്‍റെ  ഭാഗമായുള്ള പ്രദേശങ്ങളിലാണ് പരിശോധന.
ഇന്നലെ പുലര്‍ച്ചയാണ് ദേശീയപാത വഴി കടന്നുപോയ ഡ്രൈവര്‍ യൂണിഫോം ധരിച്ച നാല് ആയുധധാരികളെ കണ്ടെന്ന് വനം വകുപ്പിന് മൊഴി നല്‍കിയത്. നാലംഗ സംഘത്തില്‍ ഒരാള്‍ സ്ത്രീയാണെന്നാണ് ഡ്രൈവറുടെ മൊഴി. ഈ വിവരത്തിന്‍റെ  അടിസ്ഥാനത്തില്‍ വനം വകുപ്പും പോലീസും ഇന്നലെ മുതല്‍ മേഖലയില്‍ പരിശോധന ആരംഭിച്ചു.

അഞ്ചാം മൈല്‍കുടി, കുളമാങ്കുഴി കുടി എന്നിവിടങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ പ്രദേശത്തുള്ള ആദിവാസികള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മലയാറ്റൂരുമായി ബന്ധപ്പെടുന്ന വനമേഖലയില്‍ ഇന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. പോലീസും പരിശോധനയില്‍ പങ്കാളികളാകുന്നുണ്ട്. മാവോയിസ് സംഘമാണെന്ന് അഭ്യൂഹം പ്രദേശത്ത് പരക്കുന്നുണ്ടെങ്കിലും നായാട്ട് സംഘമാണോ എന്നാണ് വനംവകുപ്പിന്‍റെ  സംശയം

Comments (0)
Add Comment