പുറത്തുവന്ന ചാറ്റില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, January 19, 2021

 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റുകളില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. വിഷയം അതീവഗൗരവമുള്ളതെന്നും സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗൽ ആവശ്യപ്പെട്ടു. നേരത്തെ ശശി തരൂർ എം.പിയും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. സംഭവം അന്വേഷിക്കാന്‍ സംയുക്ത പാർലമെന്‍ററി സമിതി രൂപീകരിക്കണമെന്ന് എന്‍.സി.പിയും ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി സർക്കാരിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അർണബിന്‍റെ വാട്സ്ആപ്പ് ചാറ്റുകൾ.

ബാർക് മുന്‍ സി.ഇ.ഒ ആയി അർണബ് നടത്തിയ ചാറ്റിലാണ് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങളുള്ളത്. രാജ്യസുരക്ഷയെ  ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന വാട്സ് ആപ്പ് ചാറ്റിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ആവശ്യപ്പെട്ടു. ചാറ്റ് അതീവ ഗൗരവം ഉള്ളതും രാജ്യ സുരക്ഷയെ ബാധിക്കുന്നതുമാണ്. ഇത്ര തന്ത്ര പ്രധാനമായ വിഷയം എങ്ങനെ ഒരു മാധ്യമ പ്രവർത്തകൻ അറിഞ്ഞു എന്നും ഭൂപേഷ് ഭാഗൽ ചോദിച്ചു. സുപ്രീം കോടതിയും ദേശിയ അന്വേഷണ ഏജൻസിയും വിഷയത്തിൽ സ്വമേധയാ കേസ് എടുക്കണം. സംഭവത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസമിൽ തെരഞ്ഞെടുപ്പ് ഒരുക്കം നിരീക്ഷിക്കാൻ എത്തിയപ്പോഴാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന് നേരത്തെയും കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നു.

അർണബിന്‍റെ പുറത്തുവന്ന വിവാദ ചാറ്റ് അന്വേഷിക്കാന്‍ സംയുക്ത പാർലമെന്‍ററി സമിതി രൂപീകരിക്കണമെന്ന് ശരദ് പവാർ നേതൃത്വം നല്‍കുന്ന എന്‍.സി.പി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ബലാക്കോട്ട് ആക്രമണം സംബന്ധിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റാണ് പുറത്തുവന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസർച്ച് കൗണ്‍സില്‍ മുന്‍ സി.ഇ.ഒ പാർത്ഥോ ദാസ് ഗുപ്തയുമായാണ് അർണബ് ഇക്കാര്യം സംസാരിച്ചത്. ടെലിവിഷന്‍ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസ് സമർപ്പിച്ച 3400 പേജുകളുള്ള കുറ്റപത്രത്തിലാണ് അർണബ് പാർത്ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിന്‍റെ വിവരങ്ങളുള്ളത്.