സാംക്രമിക രോഗങ്ങള്‍ ബില്‍ : ക്രമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെ.ബാബുവും മാത്യു കുഴൽനാടനും

Thursday, June 3, 2021

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായുള്ള കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ നേരിട്ട് പാസാക്കുന്നതിനെയും കേന്ദ്രനിയമത്തെ മറികടന്ന് പുതിയ നിയമം കൊണ്ടുവരുന്നതിനെയും ചോദ്യം ചെയ്ത് പ്രതിപക്ഷ എംഎല്‍എമാരായ കെ.ബാബുവും മാത്യു കുഴൽനാടനും. ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ഏകപക്ഷീയമായി പാസാക്കുകയാണെന്നും സബ്ജക്ട് കമ്മിറ്റികള്‍ രൂപീകൃതമായ ശേഷം നാല്പത് വര്‍ഷത്തിനിടയില്‍ ഇതാദ്യമാണെന്നും കെ. ബാബു ചൂണ്ടിക്കാട്ടി.

ഓര്‍ഡിനന്‍സ് നിലവിലിരിക്കെ ഇപ്പോള്‍ ഇത്തരമൊരു ബില്ലിന് അനിവാര്യതയില്ല. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം സമാനനിലയില്‍ നിയമനിര്‍മ്മാണം നടത്തിയിരിക്കെ, അതേ വിഷയത്തില്‍ മറ്റൊരു നിയമം സംസ്ഥാനത്ത് നിലനില്‍ക്കില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 1897ലെ എപിഡമിക് ഡിസീസസ് ആക്ടിനെപ്പറ്റിയും ബില്ലില്‍ പരാമര്‍ശിച്ചത് കുരുക്ക് കൂട്ടും. രണ്ട് നിയമങ്ങളിലും രണ്ട് ശിക്ഷാവ്യവസ്ഥകളുണ്ടായാല്‍ ഏത് വ്യവസ്ഥപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. കുഴല്‍നാടന്‍റെ വാദത്തോട് യോജിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പിഴശിക്ഷ സംബന്ധിച്ച രണ്ട് നിയമങ്ങളിലുമുള്ള വൈരുദ്ധ്യം നീക്കേണ്ടതുണ്ടെന്ന് നിര്‍ദ്ദേശിച്ചു.

കാര്യോപദേശകസമിതിയിലെ ധാരണപ്രകാരമാണ് ബില്‍ നേരിട്ട് പാസ്സാക്കുന്നതെങ്കിലും സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്നുള്ള ചട്ടം ഭേദഗതി വരുത്തണമെന്ന പ്രമേയമല്ല മന്ത്രി അവതരിപ്പിക്കേണ്ടിയിരുന്നത് എന്നും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇത് പരിഗണിക്കാന്‍ മന്ത്രിയോട് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. സബ്ജക്ട് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ലാത്തതിനാലും ബില്ലിന് അടിയന്തരസ്വഭാവമുള്ളതിനാലും കാര്യോപദേശകസമിതി ഇത് പരിഗണനയ്‌ക്കെടുക്കാന്‍ ധാരണയിലെത്തുകയായിരുന്നു. പുതുതായെത്തിയ അംഗങ്ങള്‍ക്ക് നിയമനിര്‍മ്മാണപ്രക്രിയയെ പരിചയപ്പെടുത്തലുമുദ്ദേശിച്ചു. അംഗങ്ങള്‍ക്ക് പൊതുചര്‍ച്ചയ്ക്കും അവസരമൊരുക്കി.

ബില്ലിലെ വ്യവസ്ഥകള്‍ക്ക് കേന്ദ്രനിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകളോട് വൈരുദ്ധ്യമുണ്ടായാലും സംസ്ഥാന ലിസ്റ്റില്‍ പരാമര്‍ശിച്ച വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാനനിയമസഭയ്ക്ക് പരമാധികാരമുണ്ട്. ഈ ബില്‍ സംസ്ഥാനലിസ്റ്റിലെ പൊതുജനാരോഗ്യവും ശുചീകരണവും ആശുപത്രികളും വൈദ്യശാലകളുമെന്ന വിഷയമാണെന്നും സ്പീക്കര്‍റൂളിംഗില്‍ ചൂണ്ടിക്കാട്ടി. രണ്ട് ക്രമപ്രശ്‌നങ്ങളും തള്ളിയതോടെ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തു.