പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു; സംഭവം കൊട്ടാരക്കരയില്‍

Jaihind News Bureau
Saturday, December 8, 2018

കൊല്ലം: പത്ത് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. കൊട്ടാരക്കരയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിനെ പൊലീസ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. എം.സി റോഡില്‍ കൊട്ടാരക്കര വാളകത്തുള്ള കുരുശടിക്ക് സമീപത്താണ് നവജാത ശിശുവിനെ കണ്ടെത്തിയത്.

കുഞ്ഞിന്റെ കരച്ചില്‍കേട്ട് ബൈക്ക് യാത്രക്കാരന്‍ നടത്തിയ തിരച്ചിലാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാളകത്ത് ബഥനി സ്‌കൂളിനടുത്താണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.