ആഗോളതലത്തില്‍ ഏറ്റവും മികച്ച കൊവിഡ് രോഗമുക്തി നിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യയെന്ന് യു.എന്‍ സാമ്പത്തിക സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ വളരെ മുന്നിലാണെന്നും മോദി അവകാശപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക ഉപദേശക സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആരോഗ്യമേഖലയുടെ താഴേത്തട്ടില്‍ നിന്നുള്ള കൃത്യമായ പ്രവര്‍ത്തനമാണ് കൊവിഡ് പ്രതിരോധത്തില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 150 രാജ്യങ്ങള്‍ക്ക് കൊവിഡ് കാലത്ത് വൈദ്യസഹായം ഉള്‍പ്പെടെ നല്കാന് ഇന്ത്യക്ക് കഴിഞ്ഞു. സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ മുന്നേറ്റമെന്നും ഐക്യരാഷ്ട്രസഭയുടെ യോഗത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുകയാണ്. ബ്രസീലും അമേരിക്കയും മാത്രമാണ് രോഗവ്യാപന പട്ടികയില്‍ ഇന്ത്യയുടെ മുന്നിലുള്ളത്. ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്. രോഗവ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്ര സർക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇനിയും ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ രാജ്യത്ത് കൊവിഡ് മഹാദുരന്തമായി മാറുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
10,40,457 ആളുകള്‍ക്കാണ് ഇന്ത്യയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 26,273 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 62 ശതമാനമാണ് ഇന്ത്യയിലെ കൊവിഡ് രോഗ മുക്തി നിരക്ക്. അതേസമയം ബ്രസീലില്‍ 67 ഉം റഷ്യയില്‍ 71 ഉം ആണ് കൊവിഡ് രോഗമുക്തി നിരക്ക്.