ഗള്‍ഫിലും ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ലളിതമായി ആഘോഷിച്ചു ; ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയില്ലെന്ന് ആക്ഷേപം

Jaihind News Bureau
Tuesday, January 26, 2021

ദുബായ് : ഇന്ത്യയുടെ 72ാ-മത് റിപ്പബ്ലിക് ദിനം, യുഎഇയിലെ ഇന്ത്യന്‍ എംബസിയിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊവിഡ് കാലമായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതെ, ഓണ്‍ലൈന്‍ വഴി ആയിരുന്നു ചടങ്ങുകള്‍.

അതേസമയം, ഗള്‍ഫിലെ ചില ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ഇത്തവണ റിപ്പബ്ലിക് ദിനത്തിന്, അവധി ഇല്ലാതെ, പ്രവര്‍ത്തി ദിനം ആക്കിയെന്ന് , രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുഎഇയിലെ ചില സ്‌കൂളുകളും ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയില്ല. ചില സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വഴി കുട്ടികളെ പങ്കെടുപ്പിച്ച് റിപബ്‌ളിക്ക് ദിനം ആചരിച്ചു.

എന്നാല്‍, എംബസികളില്‍ മുന്‍ വര്‍ഷങ്ങളെ പോലെ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരുടെ പങ്കാളിത്തം ഇല്ലാതെയാണ്, ഇന്ത്യയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷം നടന്നത്. കൊവിഡ് കാലമായതിനാല്‍, പൊതുജനങ്ങള്‍ക്ക് അനുമതി ഇല്ലെന്ന് നേരത്തെ തന്നെ, എംബസി വ്യക്തമാക്കിയിരുന്നു.

യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി പവന്‍ കപൂര്‍ പതാക ഉയര്‍ത്തി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരിയും ദേശീയ പതാക ഉയര്‍ത്തി. ഇരുവരും രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. എംബസിയുടെയും കോണ്‍സുലേറ്റിന്റെയും സമൂഹമാധ്യമ പേജുകളിലൂടെ, വെര്‍ച്വലായി ഇന്ത്യക്കാര്‍ക്കു പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.