
ഇന്ത്യന്‍ റെയില്‍വേയുടെ പരിഷ്‌കരിച്ച ടിക്കറ്റ് നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പ്രവര്‍ത്തനച്ചെലവിലെ വര്‍ദ്ധനവും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അധിക ബാധ്യതകളും മുന്‍നിര്‍ത്തിയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നടപടി. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ എസി, നോണ്‍ എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 500 കിലോമീറ്റര്‍ ദൂരം നോണ്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 10 രൂപ വരെ അധികം നല്‍കേണ്ടി വരും. വന്ദേ ഭാരത്, രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളുടെ അടിസ്ഥാന നിരക്കിലും ഈ വര്‍ദ്ധനവ് ബാധകമാണ്.
സാധാരണക്കാരായ യാത്രക്കാരെയും ഹ്രസ്വദൂര യാത്രക്കാരെയും ബാധിക്കാത്ത രീതിയിലാണ് നിരക്ക് പരിഷ്‌കരണം നടപ്പിലാക്കിയിരിക്കുന്നത്. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും പ്രതിമാസ സീസണ്‍ ടിക്കറ്റുകളെയും ഈ വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കും നിരക്ക് വര്‍ദ്ധന ബാധകമാകില്ല. 215 കിലോമീറ്ററിന് മുകളിലുള്ള ഓര്‍ഡിനറി യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചത്. റിസര്‍വേഷന്‍ ഫീസ്, സൂപ്പര്‍ഫാസ്റ്റ് ചാര്‍ജുകള്‍, ജിഎസ്ടി നിരക്കുകള്‍ എന്നിവയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
നിരക്ക് വര്‍ദ്ധന നിലവില്‍ വരുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഈ മാറ്റം ബാധകമാകില്ല എന്നതാണ് യാത്രക്കാര്‍ക്കുള്ള പ്രധാന ആശ്വാസം. മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് അധിക തുക നല്‍കാതെ തന്നെ യാത്ര തുടരാം. എന്നാല്‍ ഇന്ന് മുതല്‍ സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നോ ടിടിഇ വഴിയോ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുതിയ നിരക്ക് നല്‍കേണ്ടി വരും. പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിച്ചതും ശമ്പള-പെന്‍ഷന്‍ ഇനത്തിലെ ബാധ്യതകളും നികത്താന്‍ ഈ വര്‍ദ്ധന അനിവാര്യമാണെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് ഈ പരിഷ്‌കാരത്തിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.