138 ാം ജന്മദിന നിറവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്; വിപുലമായ ആഘോഷ പരിപാടികളുമായി കെപിസിസി

Jaihind Webdesk
Wednesday, December 28, 2022

തിരുവനന്തപുരം:കോണ്‍ഗ്രസിന്‍റെ 138ാം ജന്മ ദിനം വിപുലമായി ആഘോഷിച്ച് കെപിസിസി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി സ്ഥാപകദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു.  ഒരിക്കൽ കൂടി നരേന്ദ്രമോദി അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ബഹുസ്വരതയും ഭരണഘടനയും തച്ചുതകർക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സേവാദള്‍ വോളന്‍റിയര്‍മാര്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം  എകെ ആന്‍റണി പതാക ഉയര്‍ത്തിയ
തോടെയാണ്കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപകദിനാഘോഷത്തിന് സംസ്ഥാനത്ത് തുടക്കമായത്.

ഇന്ത്യൻ ജനതയുടെ ബഹുസ്വരതയെ തകർത്ത് ബ്രിട്ടീഷുകാർ ഉപയോഗിച്ച ഭിന്നിപ്പിന്‍റെ തന്ത്രമാണ് ഇന്നത്തെ ഭരണ നേതൃത്വം നടത്തുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി.എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ജനാധിപത്യ മതേതര പാർട്ടികളുടെ ഒരു ഏകോപനം രാജ്യത്ത് രൂപപ്പെടണമെന്നദ്ദേഹം പറഞ്ഞു.

യുഡിഎഫ് കൺവീനർ എം എം ഹസ്സൻ  കൊടിക്കുന്നിൽ സുരേഷ് എംപി,  കെ മുരളിധരൻ എംപി , കോണ്‍ഗ്രസ് നേതാക്കളായ വി ടി  ബൽറാം , പഴകുളം മധു ,ടി.യു രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

അതേസമയം കണ്ണൂര്‍ ഡിസിസിയില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയും എറണാകുളം ഡിസിസിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കണ്ണൂർ ഡി സി സി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാപകദിനാഘോഷത്തിൽ കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ എംപി പതാക ഉയർത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം പി, ഡി സി സി പ്രസിഡൻ്റ്  മാർട്ടിൻ ജോർജ്ജ്, മേയർ ടി.ഒ മോഹനൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. സേവാദൾ വളണ്ടിയർമാർ ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ജന്മദിന കേക്കും, മധുരവിതരണവും നടന്നു.

കേരളമങ്ങോളമിങ്ങോളം വിപുലമായ ആഘോഷപരിപാടികള്‍ നടന്നു.