ഇന്ത്യ-റഷ്യ 23-ാമത് വാര്‍ഷിക ഉച്ചകോടി: പുടിന്‍ ഇന്ത്യയിലേക്ക്; അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയാകും

Jaihind News Bureau
Friday, November 28, 2025

 

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഡിസംബര്‍ 4, 5 തീയതികളിലായാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും റഷ്യന്‍ ഭരണകൂടമായ ക്രെംലിനും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള 23-ാമത് വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ് പുടിന്റെ സന്ദര്‍ശനം.

ന്യൂഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കൂടാതെ, രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. 2021-ലാണ് പുടിന്‍ അവസാനമായി ന്യൂഡല്‍ഹി സന്ദര്‍ശിച്ചത്. വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായി 2024 ജൂലൈയില്‍ പ്രധാനമന്ത്രി മോദി മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.