കശ്മീരിന് പാകിസ്ഥാനുമായുള്ള ഒരേയൊരു ബന്ധം നിയമവിരുദ്ധമായി പ്രദേശത്തിന്റെ ഒരു ഭാഗം കൈവശപ്പെടുത്തി വച്ചിരിക്കുന്നതാണെന്ന് ഇന്ത്യ. അത് എത്രയും വേഗം ഒഴിയണമെന്നും ഇന്ത്യ .കശ്മിര്‍ പാകിസ്ഥാന്റെ ‘കഴുത്തിലെ സിര’ ആണെന്നു വിശേഷിപ്പിച്ച പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന്റെ പരാമര്‍ശത്തിന് ശക്തമായ മറുപടി നല്‍കുകയായിരുന്നു ഇ്ന്ത്യ.
‘കണ്ഠനാഡിയില്‍ ശരീരത്തിനു പുറത്തുള്ള വിദേശ വസ്തുക്കള്‍ എങ്ങനെയുണ്ടാവുക ? കശ്മിര്‍ ഇന്ത്യയുടെ ഒരു കേന്ദ്രഭരണ പ്രദേശമാണ്. പാകിസ്ഥാനുമായുള്ള അതിന്റെ ഏക ബന്ധം ആ രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ മാത്രമാണ്. അവിടം വിട്ടുപോകുക എന്നതാണ് അവര്‍ക്കു ചെയ്യേണ്ടത്. ‘ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
വിദേശ പാകിസ്ഥാനികളുടെ ഒരു സമ്മേളനത്തിലാണ് പാക്ക് സൈനിക മേധാവിജനറല്‍ മുനീര്‍, കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ സ്ഥിരം വാദങ്ങള്‍ ആവര്‍ത്തിച്ചത്. ഇന്ത്യയെ 1947 ലെ വിഭജനത്തിലേക്ക് നയിച്ച വിവാദപരമായ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ മുനീര്‍ ന്യായീകരിച്ചു. പാകിസ്ഥാനികള്‍ ഒരു ”ഉന്നത പ്രത്യയശാസ്ത്രത്തിനും സംസ്‌കാരത്തിനും”ഉടമകളാണെന്നും അവകാശപ്പെട്ടു, മുസ്ലീങ്ങളും ഹിന്ദുക്കളും ”മതം, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, ശീലങ്ങള്‍ ”തുടങ്ങിയവയില്‍ അടിസ്ഥാനപരമായി വ്യത്യസ്തരാണെന്ന വിശ്വാസത്തിലാണ് ദ്വിരാഷ്ട്ര സിദ്ധാന്തം ശക്തിപ്പെട്ടത്. വൈരുദ്ധ്യത്തില്‍ വേരൂന്നിയ പാകിസ്ഥാന്റെ പിറവിയുടെ ചരിത്രം പ്രവാസികള്‍ പ്രചരിപ്പിക്കണമെന്നും കുട്ടികള്‍ക്കും പകര്‍ന്നു കൊടുക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പതിവു വാര്‍ത്താ സമ്മേളനത്തിലാണ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരണം അറിയിച്ചത്. 26/11 മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യചോദ്യം ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. റാണയുടെ കൈമാറ്റം തടയാന്‍ പാക്കിസ്ഥാന്‍ കുറേ ശ്രമിച്ചു, പക്ഷേ നടന്നില്ല. എങ്കിലും ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന അവരുടെ പ്രശസ്തിക്ക് ഒരു കുറവും സംഭവിക്കില്ലെന്ന്് ജയ്‌സ്വാള്‍ പരിഹസിച്ചു. മുംബൈ ആക്രമണത്തിലെ മറ്റ് കുറ്റവാളികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് പാകിസ്ഥാനെ ഓര്‍മ്മിപ്പിക്കുന്നു, അവരെ ഇപ്പോഴും ആ രാജ്യം സംരക്ഷിക്കുന്നു,’ ജയ്സ്വാള്‍ പറഞ്ഞു.