റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യ തന്നെയെന്ന വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോ ഒലാന്‍ഡെ. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസോ, അംബാനിയുടെ റിലയന്‍സ് ഡിഫന്‍സുമായി കരാറിലെത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവകാശവാദം പൊളിക്കുന്നതാണ് റാഫേല്‍ കരാര്‍ ഒപ്പുവെച്ച ഒലാന്‍ഡെയുടെ വെളിപ്പെടുത്തൽ.
മീഡിയ പോർട്ട് എന്ന ഫ്രഞ്ച് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ നമുക്ക് വല്ലതും പറയാന്‍ അവസരമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഗവണ്‍മെന്റാണ് ഈ ഗ്രൂപ്പിനെ നിര്‍ദേശിച്ചത്. ദാസോ അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. നമുക്ക് ഒരു ചോയ്‌സ് ഉണ്ടായിരുന്നില്ല, നല്‍കപ്പെട്ടവരെ എടുക്കുകയായിരുന്നു. ജുലി ഗായേയുടെ സിനിമയും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ഒലാന്‍ഡെയുടെ വാക്കുകള്‍.
യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച റഫേല്‍ കരാറില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെമാറ്റിക്കൊണ്ടാണ് മോദി സര്‍ക്കാർ ഫ്രാന്‍സുമായുള്ള കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത്. പ്രതിരോധ നിര്‍മാണ രംഗത്ത് ഏറെ പരിചയമുള്ള എച്ച്.എ.എല്ലിനെ മാറ്റിയാണ് കരാറിന് തൊട്ടു മുമ്പ് രൂപീകൃതമായ, കോടിക്കണക്കിന് കടബാധ്യതയുള്ള അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയത്.
യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറില്‍ 2016-ല്‍ തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയത് നരേന്ദ്ര മോദി തന്റെ സുഹൃത്തായ അംബാനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. റഫേല്‍ വിമാനങ്ങളുടെ വില അനാവശ്യമായി വര്‍ധിപ്പിക്കുക മാത്രമല്ല, അംബാനിയെ സഹായിക്കുക കൂടിയാണ് പുതുക്കിയ കരാറില്‍ മോദിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. കോൺഗ്രസ് ആരോപണങ്ങൾ ശരിവെക്കുന്നതാണ് മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ.