ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ

Jaihind Webdesk
Sunday, August 28, 2022

ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിനായി ഇറങ്ങുകയാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം എന്നതിലുപരി വൈകാരികമായ തലങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുമെന്ന പ്രത്യേകതകൂടിയുണ്ട് ഈ മത്സരത്തിന്. കഴിഞ്ഞ 14 വർഷങ്ങളായി ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാറുള്ളത്. ഇരു ടീമിലെയും പ്രധാന പേസർമാരായ ജസ്പ്രീത് ബുമ്രയും ഷഹീൻ അഫ്രീദിയുമില്ലാതെയാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്. വൈകുന്നേരം 7:30ന് ദുബായിലാണ് മത്സരം.

സ്പിന്നിനെ പിന്തുണയ്ക്കുന്ന ട്രാക്കില്‍ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെങ്കിലും ഉണ്ടാവുമെന്ന് ഉറപ്പാണ്. യുസ്‌വേന്ദ്ര ചാഹലിനൊപ്പം ആര്‍ അശ്വിനും ടീമിലുണ്ടാകും. രവീന്ദ്ര ജഡേജയേയും സ്പിന്നറായി ഉപയോഗിക്കാം. പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗും ടീമിലെത്തും. പരിക്കിലായിരുന്ന ഇന്ത്യൻ ബാറ്റർ കെഎല്‍ രാഹുലിന്റെ ഈ വർഷത്തെ ആദ്യത്തെ മത്സരമാണിത്.

ദുബായില്‍ കഴിഞ്ഞവര്‍ഷംനടന്ന ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോട് തോറ്റതിന്റെ പ്രതികാരം തീർക്കൽ കൂടിയാകും ഇന്ത്യ ഇന്ന് ഇറങ്ങുക. പാകിസ്താനോട് ഇന്ത്യയുടെ ആദ്യതോല്‍വിയായിരുന്നു അത്. ബാബർ ആസ്സാമിന്റെ നേതൃത്വത്തിലിറങ്ങുന്ന പാകിസ്ഥാനും വിജയ പ്രതീക്ഷയിലാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വർക്കാണ് ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്സ്റ്റാര്‍ വഴി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങുണ്ടാകും. എല്ലാ ദിവസവും ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.