ഇന്ത്യ-പാക് സംഘര്‍ഷം: തീരദേശ സുരക്ഷ ശക്തമാക്കുന്നു

Jaihind News Bureau
Saturday, May 10, 2025

തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും.

വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം.