ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നാളെ ആഘോഷ രാവാണ്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം നടക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2: 30നാണ് മല്‍സരം. ഗ്രൂപ്പ് മല്‍സരങ്ങള്‍ എല്ലാം വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യയുടെ ഫൈനല്‍ കുതിപ്പ്. എന്നാല്‍, ഇന്ത്യയോടല്ലാതെ മറ്റെല്ലാ മല്‍സരങ്ങളും വിജയിച്ച് തന്നെയാണ് ന്യൂസിലന്‍ഡും നാളെ പോരാട്ടത്തിനിറങ്ങുന്നത്. രണ്ട് ടീമുകളും ഗ്രൂപ്പ് എയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ്. അതിനാല്‍ ശക്തരായ രണ്ട് ടീമുകളുടെ പോരാട്ടം തന്നെയാണ് നാളെ നടക്കുന്നത്.
ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് പലപ്പോഴും ഫൈനല്‍ മല്‍സരങ്ങളില്‍ വിലങ്ങു തടിയായി നിന്നിട്ടുള്ള ടീമാണ് കിവീസ്. നാളെ ജയിക്കാനായാല്‍ ഇന്ത്യക്ക് അതൊരു മധുര പ്രതികാരം കൂടിയാണ്. അത്തരം ഒരു പ്രതികാരത്തില്‍ നിന്ന് വിജയം കണ്ടാണ് ഇന്ത്യ സെമിയില്‍ നിന്നും കയറിയത്. ഓസീസിനോടുള്ള കടം വീട്ടി ഇന്ത്യ ഫൈനലില്‍ കയറി. നാളെയും അത്തരമൊരു ശുഭപ്രതീക്ഷ ഇന്ത്യന്‍ ആരാധകര്‍ക്ക് ഉണ്ടാകും. ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് ഇലവനെ സംബന്ധിച്ച് ഇന്ത്യക്ക് ആശ്വസിക്കാമെങ്കിലും അങ്ങനെ തള്ളിക്കളയാവുന്ന ടീമല്ല കിവീസിന്റേത്. വില്ല്യംസണ് അടങ്ങുന്ന ബാറ്റിംഗ് നിരയും സ്പിന്നര്‍മാരുടെ ബൗളിങ് നിരയും അത്യുഗ്രന്‍ ഫീല്‍ഡിങും എല്ലാംകൂടി ചേരുന്ന കിവീസിനെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.
നാളെ മല്‍സരത്തിനിറങ്ങുമ്പോള്‍ ഒരു മാറ്റത്തിന് ഇന്ത്യന്‍ ടീമില്‍ സാധ്യത കുറവാണെങ്കിലും ബൗളിങ് നിരയിലാണ് പിന്നെയും സാധ്യത കാണുന്നത്. പേസര്‍മാരായ ആര്‍ഷ്ദീപിനോ ഹര്‍ഷിത് റാണയ്ക്കോ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞേക്കും. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഫോമില്‍ അല്ലാത്തത് ടീമിനെ തളര്‍ത്തുമെങ്കിലും വിരാട് കോഹ്ലി നല്ലൊരു ഇന്നിങ്സിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.