പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യം കണ്ടെത്താത്തതിനാലാണ് ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറില്‍ ഒളിച്ചിരിക്കുകയാണെന്ന സംശയം സൈന്യത്തിനുണ്ടായത്. ഭക്ഷണസാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഭീകരര്‍ കയ്യില്‍ കരുതിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്.
അതേസമയം നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരെ കടുത്തനടപടികള്‍ക്കൊരുങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഐഎംഎഫ് സാമ്പത്തികസഹായം നല്‍കുന്നത് തടയുന്നതിനുമുള്ള നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ പാകിസ്ഥാനെ സാമ്പത്തികമായും വരിഞ്ഞുമുറുക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന് അന്താരാഷ്ട്ര ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന വായ്പ തടയുകയാണ് ലക്ഷ്യംവെക്കുന്നത്.