രാജ്യത്ത് 44,230 പുതിയ കൊവിഡ് കേസുകള്‍ : രോഗികളുടെ എണ്ണത്തിലും കേരളം നമ്പർ വൺ

Jaihind Webdesk
Friday, July 30, 2021


ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 555 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,15,72,344 പേര്‍ക്കാണ് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,07,43,972 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 42,360 പേര്‍ രോഗമുക്തരായി. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്.

വിവിധ സംസ്ഥാനങ്ങളിലായി 4,05,155 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 4,23,217 പേരാണ്  ഇതുവരെ രോഗം ബാധിച്ച മരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയും കേരളത്തിലാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.

രാജ്യത്ത് ഇതുവരെ 45,60,33,754 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 51,83,180 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍.