സ്വതന്ത്ര ഇന്ത്യക്ക് 75 വയസ്; ആഘോഷ നിറവില്‍ രാജ്യം

Jaihind Webdesk
Monday, August 15, 2022

രാജ്യം ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി നിറവിൽ. സ്വാത്രന്ത്ര്യ സമര പോരാട്ടത്തിൽ പിടഞ്ഞു മരിച്ച ധീര ദേശാഭിമാനികളുടെ സ്മരണകളിൽ നാടെങ്ങും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

“സ്വാത്രന്ത്ര്യം തന്നെ അമൃതം.സ്വാതന്ത്ര്യം തന്നെ ജീവിതം. പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം”- വള്ളത്തോളിന്‍റെ ഈ വരികളിൽ തെളിഞ്ഞു കാണാം ഒരു ജനതയുടെ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹം. ഇന്ത്യൻ ജനതയെ അടിമകളാക്കി വെച്ചിരുന്ന സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം 1947 ഓഗസ്റ്റ് 14 ന് അടിയറവ് പറഞ്ഞപ്പോൾ ലോകമെങ്ങുമുള്ള സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് അത് ഊർജം പകർന്നു. ആഗസ്റ്റ് 15 ന്‍റെ പുലരി ഇന്ത്യൻ ജനതയ്ക്ക് ആഘോഷങ്ങളുടേതായിരുന്നു.

ഡൽഹിയിലെ ചെങ്കോട്ടയിൽ ജവഹർലാൽ നെഹ്റു അഭിമാനത്തിന്‍റെ ത്രിവർണ പതാക ഉയർത്തി. യൂണിയൻ ജാക്ക് താഴ്ത്തി തല കുനിച്ച് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു. പക്ഷേ, ഈ സുന്ദര നിമിഷത്തിന് വേണ്ടി എണ്ണമറ്റ സമര ഭടൻമാർക്ക് സ്വന്തം ജീവിതങ്ങൾ തന്നെ ബലിയർപ്പിക്കേണ്ടി വന്നു. അഹിംസയിലൂന്നി ഗാന്ധിജി തെളിച്ച പാതയിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പിന്നിൽ അണിനിരന്ന ധീരരായ ദേശാഭിമാനികളുടെ ജീവന്‍റെ വിലയാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇന്ത്യയെ സ്വതന്ത്ര- മതേതര-ജനാധിപത്യ രാഷ്ട്രമാക്കി മാറ്റിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനവും ത്യാഗ പൂർണമായ ജീവിതം നയിച്ച നേതാക്കളുമാണ്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കളെ ഈ പ്രസ്ഥാനത്തിന് ബലി നൽകേണ്ടി വന്നു.

ഇന്ന് രാജ്യത്തിന്‍റെ മതേതരത്വം വെല്ലുവിളികൾ നേരിടുമ്പോൾ നമ്മുടെ പൂർവികർ പകർന്നു നൽകിയ ആശയാദർശങ്ങളാണ് മുറുകെ പിടിക്കേണ്ടത്. ജാതിയുടെയും മതങ്ങളുടെയും ഭാഷകളുടെയും ആചാര- അനുഷ്ഠാനങ്ങളുടെയും വൈവിധ്യത്തിനിടയിലും നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യമാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. ലോക രാജ്യങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഏറ്റവും വലിയ ഈ ജനാധിപത്യ രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാം- മഹത്തായ ഒരു സംസ്കൃതിയുടെ പിന്തുടർച്ചക്കാരാണെന്ന നിലയിൽ. ഒപ്പം പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാം.
സ്വാതന്ത്ര്യ ദിനാശംസകള്‍…