ന്യൂഡല്‍ഹി: വോട്ടിംഗ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ഇന്ത്യ സഖ്യം. അന്തിമ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷ പാർട്ടി നേതാക്കള്‍ ഉയർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വർഗീയ പരാമർശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തര നടപടിയും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടേക്കും.
പോളിംഗ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതിലെ കാലതാമസം ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പ്രകടനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റേതെന്നും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. നിഷ്പക്ഷവും നീതിപൂർണവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇന്ത്യ സഖ്യ നേതാക്കള്‍ക്ക് കത്തയച്ചിരുന്നു.
ആദ്യഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ പോളിംഗ് കണക്കുകള്‍ നല്‍കിയത്. രണ്ടാം ഘട്ടം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷവുമാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനത്തില്‍ ചോദ്യങ്ങളുയർത്തി. പ്രധാനമന്ത്രി നടത്തുന്ന വർഗീയ പരാമർശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.