‘ഇന്ത്യ’യുടെ കരുത്ത് വിളിച്ചോതുന്ന റാലി ഇന്ന് റാഞ്ചിയില്‍; പ്രതിപക്ഷ പാർട്ടി നേതാക്കള്‍ അണിനിരക്കും

റാഞ്ചി: ഇന്ത്യ സഖ്യത്തിന്‍റെ റാലി ഇന്ന് ഝാർഖണ്ഡിൽ നടക്കും. രണ്ടാംഘട്ട വോട്ടെടുപ്പിന് മുമ്പുള്ള ശക്തിപ്രകടനമായി ഇന്ത്യ സഖ്യത്തിന്‍റെ റാലി മാറും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലിയിൽ അണിനിരക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് റാലി.

ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു. പ്രതിപക്ഷത്തെ ശരിയായി പ്രവർത്തിക്കാൻ ബിജെപി അനുവദിക്കുന്നില്ല. പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് ബിജെപിയുടെ ശ്രമം. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഇല്ലാത്ത അവസ്ഥ ഇതെല്ലാമാണ് ബിജെപിയുടെ ഭരണത്തിന്‍റെ അനന്തരഫലമെന്നും പ്രിയങ്ക പറഞ്ഞു.

റാലി നടക്കുന്ന റാഞ്ചിയിലെ ഗ്രൗണ്ടില്‍ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ എന്നിവരുൾപ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കളുടെയെല്ലാം പോസ്റ്ററുകള്‍ പതിച്ചുകഴിഞ്ഞു. റാലിയിൽ 28 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍.

Comments (0)
Add Comment