ദുബായ് : ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള മടക്കയാത്രാ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ചു. വെള്ളിയാഴ്ച വരെയുള്ള അപേക്ഷകള്‍ക്കാണ് അനുമതി തടഞ്ഞത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റേതാണ് ഈ ചുവപ്പുകൊടി. വിദേശ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ അടക്കം യു.എ.ഇയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ കടുത്ത നിലപാട്.
അനുമതി നിഷേധിക്കാനുള്ള കാരണത്തിന് മൗനം
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് അനുമതി തള്ളിയത്. എന്നാല്‍, ജൂലൈ പത്തിന് ശേഷം സര്‍വീസ് നടത്താനുള്ള അപേക്ഷകളില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, അനുമതി നിഷേധിക്കാനുള്ള കാരണമെന്താണെന്നും അധികൃതര്‍ വ്യക്തമാക്കുന്നില്ല. ഇതോടെ, അത്യാവശ്യമായി യു.എ.ഇയില്‍ എത്തേണ്ട മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ പ്രതിസന്ധിയിലാണ്. വെള്ളിയാഴ്ച വരെയുള്ള വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെ ഈ സര്‍വീസുകളും അനിശ്ചിതത്വത്തിലായി.
ഉടന്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന് പ്രവാസികള്‍
യു.എ.ഇയില്‍ ഉടന്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ നിരവധി പ്രവാസികളാണ് നാട്ടിലുള്ളത്. അമ്മമാരെ പിരിഞ്ഞിരിക്കുന്ന കുഞ്ഞുങ്ങളും കുട്ടികളെ പിരിഞ്ഞിരിക്കുന്ന അമ്മമാരും യു.എ.ഇയില്‍ എത്താനുള്ള കാത്തിരിപ്പിലാണ്. അതേസമയം, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് വിമാനങ്ങള്‍ സ്‌കെഡ്യൂള്‍ ചെയ്തിരുന്നു. ഇതാണ് റദ്ദാക്കിയത്. എല്ലാ നടപടികളും പൂര്‍ത്തിയായ ശേഷമാണ് ഈ അനുമതി നിഷേധിച്ച് ഡി.ജി.സി.എ കത്ത് അയച്ചത്. ഇതും ദുരിതം ഇരട്ടിയാക്കി.