തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ സഖ്യം സജ്ജം; വിജയം ഉറപ്പെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, January 16, 2024

 

കൊഹിമ: 2024-ലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ സഖ്യം സജ്ജമാണെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട് വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര ഐതിഹാസികമായിരുന്നു. എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ന്യായ് യാത്ര. ഭാരത് ജോഡോ ന്യായ് യാത്ര പ്രത്യയ ശാസ്ത്ര പോരാട്ടത്തിന്‍റെ ഭാഗമായുള്ള യാത്രയാണ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിനം നാഗാലാന്‍ഡിലെ പര്യടനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തവണ പോലും മണിപ്പുർ സന്ദർശിച്ചില്ല എന്നത് അപമാനകരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാഗാലാന്‍ഡിലെ ജനങ്ങളുമായി സർക്കാർ ഒപ്പിട്ട കരാറും പാലിക്കപ്പെട്ടില്ല. നാഗാലാന്‍ഡിലെ ജനങ്ങളുമായി 9 വർഷം മുമ്പ് ഒപ്പിട്ട കരാറാണ് പാലിക്കപ്പെടാതിരിക്കുന്നത്. മോദി പല വാഗ്ദാനങ്ങളും നൽകുന്നു ഒന്നും പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതം അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണവുമായി യാത്രയെ ബന്ധിപ്പിക്കേണ്ടതില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ബിജെപി മുന്നോട്ടുവെക്കുന്നത് അനീതിയുടെ മോഡൽ ആണ്. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യവും നീതിയും കിട്ടുന്നില്ല.
ജനുവരി 22 ലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മോദിയുടെയും ആർഎസ്എസിന്‍റെയും പരിപാടിയാക്കി മാറ്റിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് കോൺഗ്രസ് വിട്ടുനിൽക്കുന്നത്. എല്ലാ വിശ്വാസത്തെയും കോൺഗ്രസ് പാർട്ടി ബഹുമാനിക്കുന്നു അതൊരു വസ്ത്രം പോലെ പുറത്തണിഞ്ഞു നടക്കേണ്ട കാര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.