കേന്ദ്രത്തിനെതിരായ കൂട്ടായ പ്രതിരോധം; ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ത്യാ സഖ്യ റാലി ഇന്ന് ഡല്‍ഹിയില്‍

Jaihind Webdesk
Sunday, March 31, 2024

ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് ഇന്ത്യാ സഖ്യ റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്കെതിരെയാണ് റാലി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിനെതിരെയാണ് ആദ്യം റാലി പ്രഖ്യാപിച്ചിരുന്നതെങ്കിലും വ്യക്തി കേന്ദ്രീകൃതമാക്കാതെ കേന്ദ്രത്തിനെതിരായ കൂട്ടായ പ്രതിരോധം ലക്ഷ്യമാക്കിയാണ് റാലി പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന വാധമുയര്‍ത്തികൊണ്ട് ഇന്ന് രാവിലെ മുതല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്താണ് റാലി നടക്കുക. റാലിയിലുടനീളം 28 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് നേതാക്കളും വ്യക്തമാക്കുന്നത്.

ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് തുടര്‍ച്ചയായി നോട്ടീസ് അയക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസം 1823 കോടി രൂപയുടെ നോട്ടീസാണ് അയച്ചത്. അതേസമയം കെജ്‌രിവാളിന്‍റെ ഫോണ്‍ പരിശോധിക്കാന്‍ ആപ്പിള്‍ കമ്പനിയെ സമീപിച്ചിരിക്കുകയാണ് ഇഡി. ഫോണിന്‍റെ പാസ്‌വേര്‍ഡ്‌ കെജ്‌രിവാള്‍ നല്‍കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ഇഡിയുടെ ഈ ശ്രമം പാര്‍ട്ടി വിവരങ്ങള്‍ ചോര്‍ത്താനാണെന്നാണ് എഎപിയുടെ വാദം. റാലിയോടനുബന്ധിച്ച് തലസ്ഥാനത്തുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.