രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വർധിക്കുന്നു; ഒമിക്രോണ്‍ കേസുകള്‍ 1270 ആയി, കേരളം മൂന്നാം സ്ഥാനത്ത്

Jaihind Webdesk
Friday, December 31, 2021

 

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വർധിക്കുന്നു. രോഗികളുടെ എണ്ണം 1270 ആയി. കൊവിഡ് കേസുകളിലും വന്‍ വർധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 16,764 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഒമിക്രോണ്‍ കേസുകളില്‍ കേരളം മൂന്നാമതെത്തി.

ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം നിലവില്‍ 1270 ആണ്. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. 450 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് 320 കേസുകളുമായി ഡല്‍ഹിയാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 109 രോഗികളാണുള്ളത്.

64 ദിവസത്തിനു ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനാറായിരം കടക്കുന്നത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,48,38,804 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,81,080 ആയി. നിലവില്‍ 91,361 സജീവ രോഗികളാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒമിക്രോൺ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി നിയന്ത്രണം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. രാത്രി 10 പുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണമുള്ളത്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം. പുതുവത്സര ആഘോഷങ്ങളോ ആൾക്കൂട്ടമോ രാത്രി 10 മണിക്ക് ശേഷം അനുവദിക്കില്ല. ഹോട്ടലുകൾ, റസ്റ്ററൻറുകൾ, ബാറുകൾ എന്നിവ ഉൾപ്പെടെ 10 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ആരാധനാലയങ്ങൾക്കും തിയറ്ററുകൾക്കും രാത്രി 10 മണിക്കു ശേഷമുള്ള നിയന്ത്രണം ബാധകമാണ്. ശബരിമല, ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.