ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അനൗചിത്യം; പറഞ്ഞത് സത്യമോ കേസിനെ ദുര്‍ബലപ്പെടുത്താനോ എന്നത് പോലീസ് കണ്ടെത്തണം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, July 11, 2022

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അനൗചിത്യമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണം. ഇവര്‍ നേരത്തെ ഇക്കാര്യം പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയണം. പറഞ്ഞത് സത്യമാണോ കേസിനെ ദുര്‍ബലപ്പെടുത്താനാണോ എന്ന് പോലീസ് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സത്യം പുറത്തുവരണം എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂ ട്യൂബ് ചാനലിലൂടെയായിരുന്നു കേസിലെ പ്രതി ദിലീപിനെ ന്യായീകരിച്ച് ശ്രീലേഖ വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പള്‍സര്‍ സുനി തയാറാക്കിയതല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി. ഇതിനെതിരെ അതിജീവിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു.