വാഗ്ദാനം വാക്കുകളില്‍ മാത്രം; മോദി ദത്തെടുത്ത ഡൊമാരി ഗ്രാമം കൊടുംപട്ടിണിയില്‍

Jaihind News Bureau
Tuesday, June 9, 2020

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത ഡൊമാരി ഗ്രാമത്തിലെ ജനങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് കൊടുംപട്ടിണിയില്‍. തൊഴിലും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുകയാണിവര്‍. സൗജന്യഭക്ഷണം ലഭിക്കുന്നതിനായി പ്രദേശവാസികള്‍ക്ക് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിക്കേണ്ടി വരുന്നു. റേഷന്‍ കാര്‍ഡ് പോലും ലഭ്യമായിട്ടില്ലാത്തവരാണ് ഗ്രാമത്തിലെ ഭൂരിഭാഗം പേരും. അയ്യായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമത്തില്‍ കേവലം 3560 പേരാണ് പൊതുവിതരണ സമ്പ്രദായത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം തങ്ങള്‍ക്ക് സഹായമേകാന്‍ പ്രധാനമന്ത്രി ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 2018-ലാണ് നരേന്ദ്ര മോദി സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി പ്രകാരം ഗ്രാമം ദത്തെടുക്കുന്നത്. 2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തന്‍റെ മണ്ഡലമായ വാരണാസിയിലെ ഡൊമാരിയുള്‍പ്പെടെ നാല് ഗ്രാമങ്ങള്‍ ദത്തെടുത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ മോദി വാരണാസിയില്‍ നേരിട്ടെത്തിയാണ് ദത്തെടുക്കുന്ന കാര്യം പ്രഖ്യാപിച്ചത്.