കർണാടകയില്‍ കോണ്‍ഗ്രസിലേക്ക് ബിജെപി, ജെഡിഎസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു; എതിർക്യാമ്പുകളില്‍ ആശങ്ക

Jaihind Webdesk
Sunday, April 2, 2023

 

ബംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിലേക്ക് ബിജെപി, ജെഡിഎസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഒരാഴ്ചയ്ക്കിടെ എംഎൽഎമാരടക്കം പത്തിലധികം നേതാക്കന്മാരാണ് കോൺഗ്രസിലേക്ക് എത്തിയത്. കർണാടകയിൽ ഓപ്പറേഷൻ താമര എന്ന ഓമനപ്പേരിട്ട് ജനപ്രതിനിധികളെ കുതിരക്കച്ചവടത്തിലൂടെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ശക്തമായ ഭരണ വിരുദ്ധവികാരം അലയടിക്കുന്ന കർണ്ണാടകയിൽ കോൺഗ്രസ് വലിയ പ്രതീക്ഷയിലാണ്. എക്‌സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന് കൃത്യമായ മുൻതൂക്കമാണ് പ്രവചിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ കോൺഗ്രസിലേക്ക് ആരംഭിച്ച നേതാക്കളുടെ ഒഴുക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വർധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിലേറെയും ബിജെപി, ജെഡിഎസ് നേതാക്കളാണ്. ഫെബ്രുവരി 20നു ചിക്കമംഗളുരുവിലെ ബിജെപി നേതാവ് ഡി തിമ്മയ്യ, മുൻ എംഎൽഎ കിരൺ കുമാർ, വൊക്കലിംഗ നേതാവ് സന്ദേശ് നാഗരാജ്, ജെഡിഎസ് നേതാവും തുംകൂർ മുൻ എംഎൽഎയുമായ എച്ച് നിംഗപ്പ, ബിജെപി എംഎൽഎസി പുട്ടണ്ണ തുടങ്ങിയവർ പാർട്ടി വിട്ടതോടെയാണ് കൊഴിഞ്ഞുപോക്കിന് തുടക്കമായത്. പിറകെ കൽബുർഗിയിൽ നിന്നുള്ള ബിജെപി എംഎൽഎസിയായ ബാബുറാവു ചിഞ്ചൻസും ജെഡിഎസ് എംഎൽഎ എസ് ആർ ശ്രീനിവാസും കോൺഗ്രസിലെത്തി.

വിജയനഗര ജില്ലയിലെ കൂഡ്‌ലിഗി മണ്ഡലത്തിലെ ബിജെപി എംഎൽഎ ഗോപാലകൃഷ്ണയും ഹാസൻ ജില്ലയിലെ അറക്കൽഗുഡ് എംഎൽഎ ടി രാമസ്വാമിയും കഴിഞ്ഞ ദിവസം പാർട്ടി വിട്ടു. ഗോപാലകൃഷ്ണ കോൺഗ്രസില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാനാകാതെ കുഴങ്ങുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. കടുത്ത ആശങ്ക നേതൃത്വത്തിനുണ്ട്. ചിട്ടയോടുള്ള പ്രവർത്തനങ്ങളും ശക്തമായ ഭരണ വിരുദ്ധവികാരവുമാണ് കോൺഗ്രസിന് അനുകൂലമാകുന്ന പ്രധാന ഘടകം.

അതേസമയം കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ പ്രവചിക്കുന്നു. കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. 68 മുതൽ 80 സീറ്റുകളില്‍ ബിജെപി ഒതുങ്ങുമെന്നുമാണ് സർവേ ഫലം. ജെഡിഎസ് 235 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നും എബിപി-സീ വോട്ടർ സർവേ.

ഒറ്റ ഘട്ടമായാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ്. മേയ് 10 നാണ് വോട്ടെടുപ്പ്. മേയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. 5.21 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ്ജെൻ‌ഡർമാരുമാണ്. ഭിന്നശേഷിക്കാർക്കും 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം.  9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്. ബിജെപി – 118, കോൺഗ്രസ്– 72, ജെഡിഎസ്– 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.