‘8 വർഷം കൊണ്ട് നിങ്ങള്‍ രാജ്യത്തുണ്ടാക്കിയ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും 70 വർഷത്തിനിടെ കോണ്‍ഗ്രസ് ഒരിക്കലും അവസരമുണ്ടാക്കിയിട്ടില്ല’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, September 24, 2022

 
തൃശൂര്‍: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ വിഭജന വിദ്വേഷ ശ്രമങ്ങൾ അനുവദിക്കില്ലെന്ന് ആവർത്തിച്ച രാഹുൽ ഗാന്ധി
ഒരു തരത്തിലുള്ള വർഗീയതയെയും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. 8 വർഷം കൊണ്ട് ബിജെപി ഭരണത്തിൽ ഉണ്ടാക്കിയ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും 70 വർഷത്തെ ഭരണത്തിൽ കോൺഗ്രസ്‌ ഒരിക്കലും അവസരം ഒരുക്കിയില്ലെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കുള്ള മറുപടിയായി പറഞ്ഞു. കേരളത്തിലെ തൊഴില്‍-വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഭാരത് ജോഡോ പദയാത്രയുടെ തൃശൂർ ജില്ലയിലെ രണ്ടാം ദിവസത്തെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

തേക്കിന്‍കാട് മൈതാനിയില്‍ പ്രവർത്തകരുള്‍പ്പെടെ ജനസഹസ്രങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കേള്‍ക്കാനായി ഒഴുകിയെത്തിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ വിഭജന ശ്രമത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയ രാഹുല്‍ ഗാന്ധി കേരളത്തിലെ തൊഴില്‍ വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടി. 70 വർഷം എന്തുചെയ്‌തെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിക്കുന്നത്. 8 വര്‍ഷങ്ങള്‍ കൊണ്ട് അതിരൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉൾപ്പെടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വിധത്തിലുള്ള പ്രശ്‌നങ്ങൾ ഒന്നും തന്നെ യുപിഎ സർക്കാരിന്‍റെ 70 വര്‍ഷത്തെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല എന്നതാണ് ഇതിന് മറുപടിയായി പറയാനുള്ളതെന്ന് രാഹുല്‍ പറഞ്ഞു.

ഐക്യത്തിലും സമാധാനത്തിലും സഹവർത്തിത്വത്തിലും മാത്രമേ രാജ്യത്തിന് പുരോഗതി ഉണ്ടാകൂ. ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യവും ഇതാണ്. വെറുപ്പും വിദ്വേഷവും പടർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ മതിയായ തൊഴിലവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ പഠനശേഷം വിദേശത്തേക്ക്  പോകേണ്ടിവരുന്ന അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മോദി സർക്കാർ പ്രവർത്തിക്കുന്നത് സാധാരണക്കാർക്കും കർഷകർക്കും യുവജനങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും വേണ്ടിയല്ല, രാജ്യത്തെ അതിസമ്പന്നരായ അഞ്ചോ ആറോ പേർക്ക് വേണ്ടിയാണ്. നോട്ട് നിരോധനവും, ജിഎസ്ടിയും കർഷകദ്രോഹ ബില്ലുകളുമൊക്കെയാണ് മോദി സർക്കാർ സാധാരണക്കാർക്ക് വേണ്ടി മാറ്റിവെച്ചത്. ഇതിന്‍റെയും ഗുണഭോക്താക്കൾ മോദി സർക്കാരിന്‍റെ അടുപ്പക്കാരായ വൻകിട വ്യവസായികൾ തന്നെയാണ്.

മതിയായ തൊഴിലവസരങ്ങൾ ലഭിക്കാത്തതിനാൽ കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിന് ശേഷം വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇത് ദൗർഭാഗ്യകരമായ സംഭവമാണ്. നഗരമേഖലയിൽ തൊഴിലില്ലായ്മ നിരക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. സംസ്ഥാന സർക്കാർ വിഷയം ഗൗരവകരമായി പഠിക്കുകയും ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പഠിക്കുകയും അത് പരിഹരിക്കപ്പെടുകയും വേണം. ഭാരത് ജോഡോ യാത്രയുടെ പ്രധാനപ്പെട്ട ലക്ഷ്യം രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ്. ഒരു തരത്തിലുള്ള വർഗീയതയെയും കോൺഗ്രസ് അംഗീകരിക്കില്ല. രാജ്യത്തെ ദുർബലപ്പെടുത്തുന്ന വിദ്വേഷത്തിനും വിഭജനത്തിനും എതിരായ യാത്രയാണിത്. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെല്ലാം എതിരായ യാത്രയാണിത്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജാഥയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എം.എം ഹസൻ, എംപിമാരായ എം.കെ രാഘവന്‍, ബെന്നി ബഹനാന്‍, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്‍റുമാരായ പദ്മജ വേണുഗോപാൽ, വി.ടി ബൽറാം തുടങ്ങിയവര്‍ പങ്കെടുത്തു. പൂരനഗരിയെ ജനസാഗരമാക്കിയാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ പ്രയാണം സമാപിച്ചത്. യാത്ര നാളെയും തൃശൂർ ജില്ലയില്‍ പര്യടനം തുടരും.