ലോക്ഡൗണ്‍: സാധാരണക്കാര്‍ക്ക് സഹായമേകാന്‍ ‘ന്യായ് പദ്ധതി’ ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, March 26, 2020

Randeep Singh Surjewala

ന്യൂഡല്‍ഹി:  കൊവിഡ് ജാഗ്രതയെത്തുടര്‍ന്ന് രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് സഹായമേകാന്‍ ന്യായ് യോജന പദ്ധതി നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ഡൗണിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടും കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.ദിവസ വേതന, തൊഴിലുറപ്പ് തൊഴിലാളികള്‍, ഫാക്ടറി ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ 21 ദിവസം എങ്ങനെ ജീവിക്കുമെന്നും അദ്ദേഹം ചോദിച്ചു.

അതിനാല്‍  എല്ലാ ജന്‍ധന്‍, പി.എം കിസാന്‍, പെന്‍ഷന്‍ അക്കൗണ്ടുകളുകളിലൂടെ രാജ്യത്തെ ഓരോ പൗരനും 7500 രൂപ നല്‍കി മിനിമം വരുമാനം ഉറപ്പുനല്‍കുന്ന പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.