നോട്ട് നിരോധനം : 99.3 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തി ; ജനങ്ങളെ വെയിലുകൊള്ളിച്ച സർക്കാരിന് മൗനം

Jaihind Webdesk
Monday, November 8, 2021

ന്യൂഡല്‍ഹി : നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അ‍ഞ്ച് വര്‍ഷം. 2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ അര്‍ദ്ധരാത്രി മുതൽ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നോട്ടുകൾ മാറിയെടുക്കാനുള്ള ജനങ്ങളുടെ നെട്ടോട്ടമായിരുന്നു പിന്നീട്.

നോട്ട് നിരോധനം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും നോട്ടുകൾ തിരിച്ചെത്തിയത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

കള്ളപ്പണം തുടച്ചുനീക്കാൻ ലക്ഷ്യമിട്ട നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്ഘടനയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ആളുകളുടെ കയ്യിലുള്ള പണം 2016-നെക്കാൾ 57 ശതമാനം കൂടിയെന്നാണ് ആർബിഐയുടെ  കണക്ക്.

2016 നവംബര്‍ 8-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പ്രഖ്യാപനം ധീരമായ തീരുമാനമെന്നാണ് പലരും  വിലയിരുത്തിയത്. 17.97 ലക്ഷം കോടി രൂപയായിരുന്നു ആർബിഐയുടെ കണക്ക് അനുസരിച്ച് അന്ന് ആളുകളുടെ കൈകളിൽ ഉണ്ടായിരുന്നത്. നോട്ട് നിരോധനത്തിലൂടെ  ഇത് 14 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങുമെന്നും സര്‍ക്കാര്‍ കരുതി.

എന്നാൽ കഴിഞ്ഞ എട്ടാം തീയതി പുറത്തുവന്ന ആർബിഐയുടെ കണക്ക് അനുസരിച്ച് ഇപ്പോൾ ആളുകളുടെ കയ്യിലുള്ള പണം 29 ലക്ഷം കോടി രൂപക്ക് മുകളിലാണ്. എന്നുവെച്ചാൽ നോട്ട് നിരോധനം നടപ്പാക്കിയ സമയത്തേക്കാൾ 57 ശതമാനം കൂടുതൽ. നോട്ടുനിരോധിച്ചപ്പോൾ സര്‍ക്കാര്‍ നിരത്തിയ കള്ളപ്പണ കണക്കും ആർബിഐയുടെ കണക്കും ഒരിക്കലും ചേരുന്നതല്ല.

നോട്ട് നിരോധനത്തിലൂടെ 4 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ല എന്നായിരുന്നു വാദം. തിരിച്ചുവരാതിരുന്നാൽ അത്രയും തുക ആർബിഐയിൽ സര്‍ക്കാര്‍ ഖജനാവിലേക്ക്എത്തും. പക്ഷെ, 99.3 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തി. ചുരുക്കത്തിൽ നോട്ടുകൾ മാറാൻ ജനത്തിന് തെരുവിൽ അലയേണ്ടി വന്നതും പലരുടെയും ജീവിതം കഷ്ട്ത്തിലായതും ബാക്കി.