പാര്‍ട്ടി അനുഭാവികള്‍ക്ക് സര്‍ക്കാര്‍ ലാവണങ്ങളില്‍ ഉന്നതപദവികള്‍ തരപ്പെടുത്തുന്ന സിപിഎം ‘പാര്‍ട്ടിപ്പണി’ തുടരുന്നു. അസോസിയേറ്റ് പ്രൊഫസറായി ഒരു ദിവസത്തെ പോലും അധ്യാപന പരിചയമില്ലാത്ത ഒരു വ്യക്തിയെ പ്രൊമോഷന്‍ നല്‍കാനുള്ള പാര്‍ട്ടി അടുക്കള പണികള്‍ പുറത്തുവന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ:ഷൈജന് പ്രൊഫസറായി പ്രമോഷന്‍ നല്‍കാനാണ് വഴിവിട്ട ശ്രമം. ഇതിനായി കാലിക്കറ്റ് സര്‍വകലാശാല സ്‌ക്രീനിംഗ് സമിതി തിരക്കിട്ട് ഷൈജനന് അനുകൂലമായി ശുപാര്‍ശ ചെയ്തു.യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ ആയി മൂന്നു വര്‍ഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയം പ്രൊഫസര്‍ തസ്തികയ്ക്കുള്ള യോഗ്യതയായി വ്യവസ്ഥചെയ്തിട്ടുള്ളപ്പോഴാണ് അത് അവഗണിച്ച് പ്രൊമോഷന്‍ നല്‍കുന്നത്.
മികച്ച അധ്യാപന പരിചയം ഷൈജന് ഉണ്ടെന്നാണ് വകുപ്പ് മേധാവി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇതിനായി ഡിപ്പാര്‍ട്ടുമെന്റ് നേരത്തേ കളമൊരുക്കിയിരുന്നു. സര്‍വകലാശാലയുടെ എക്കണോമിക്‌സ് വകുപ്പിലെ ഏറ്റവും ജൂനിയറായ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് വകുപ്പ് മേധാവിയുടെ ചുമതല നല്‍കി. തുടര്‍ന്ന് ആ വ്യക്തിയെക്കൊണ്ട് ഷൈജന് പ്രൊഫസര്‍ തസ്തികയ്ക്ക് ഷൈജന്‍ സര്‍വഥാ യോഗ്യനാണെന്ന ശുപാര്‍ശ തയ്യാറാക്കുകയായിരുന്നു.
സര്‍വ്വകലാശാല സര്‍വീസ് രേഖകള്‍ പ്രകാരം 2018 ഒക്ടോബറില്‍ അസോസിയേറ്റ് പ്രൊഫസ്സറായി ഉദ്യോഗകയറ്റം ലഭിച്ച ഷൈജന്‍ 2020 ഒക്ടോബര്‍മുതല്‍ മലയാളം സര്‍വ്വകലാശാലയില്‍ രജിസ്ട്രാറായും തുടര്‍ന്ന് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച കാലയളവുകള്‍ അധ്യാപന ഗവേഷണ സേവനമായി കണക്കുകൂട്ടിയാണ് പ്രൊഫസ്സര്‍ പ്രമോഷനുള്ള നീക്കം നടത്തിയിരിക്കുന്നത്.
അസോസിയേറ്റ് പ്രൊഫസര്‍ ആയി മൂന്ന് വര്‍ഷകാലത്തെ അധ്യാപനം പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്ക് അധ്യാപന, ഗവേഷണ നൈപുണ്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ആണ് വകുപ്പ്‌മേധാവി നല്‍കിയിട്ടുള്ളത്. സര്‍വ്വകലാശാല സ്‌ക്രീനിംഗ് കമ്മിറ്റിയും മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ട്.
UGC ചട്ടപ്രകാരം മൂന്ന് വര്‍ഷ അധ്യാപന പരിചയം നിര്‍ബന്ധമായിരിക്കെ ധനമന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറിയെന്ന പിന്‍ബലത്തില്‍ പ്രൊഫസര്‍പദവി നല്‍കാനുള്ള ചട്ട വിരുദ്ധ ശുപാര്‍ശ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ‘കാലിക്കറ്റ്’ വിസി ക്ക് നിവേദനം നല്‍കി.