സിപിഎം നേതാവിന്‍റെ പണപ്പിരിവ് ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാംപിലും… ദൃശ്യങ്ങള്‍ പുറത്ത്

Jaihind News Bureau
Friday, August 16, 2019

ആലപ്പുഴ ദുരിതാശ്വാസ ക്യാമ്പിൽ സിപിഎമ്മിന്‍റെ പണപ്പിരിവ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിലാണ് പിരിവ്. ക്യാമ്പിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്യാമ്പ്

ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗകോളനി നിവാസികളെ താമസിപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് അനധികൃത പണപ്പിരിവ് നടക്കുന്നത്. സിപിഎം പ്രാദേശിക നേതാവ് ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടിയ പാവങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സിപിഎം ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ദുരിതബാധിതരില്‍ നിന്നും പിരിവ് നടത്തിയത്. സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു പിരിവ്. ക്യാമ്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്പിൽ ഉള്ളവർ പിരിവ് നല്‍കണമെന്നും ഇയാൾ ക്യാംപിലുള്ളവരോട് പറഞ്ഞു.

ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടന്‍ തന്നെ നേരിട്ട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാംപിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നാണ് ഓമനക്കുട്ടന്‍റെ ന്യായീകരണം.

അതേസമയം ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ക്യാമ്പിലെ എല്ലാ ചെലവുകള്‍ക്കും സർക്കാർ പണം നൽകുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇനി പണം പിരിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.