എം.എല്‍.എയെ തള്ളി കളക്ടറും: രാജേന്ദ്രന്‍ സബ്കളക്ടറെ അവഹേളിച്ചു; റിപ്പോര്‍ട്ട് സര്‍ക്കാരിന്

Jaihind Webdesk
Tuesday, February 12, 2019

എസ് രാജേന്ദ്രന്‍ എം.എൽ.എ അധിക്ഷേപിച്ച ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ പിന്തുണച്ച് ഇടുക്കി കളക്ടറുടെ റിപ്പോർട്ട്. പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമം ലംഘിച്ചാണെന്നും കളക്ടര്‍ റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  സബ് കളക്ടര്‍ രേണു രാജിനെ എം.എൽ.എ എസ് രാജേന്ദ്രന്‍  ശകാരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിരപ്പുഴയാറിന്‍റെ തീരത്തുനിന്നും കഷ്ടിച്ച് 6 മീറ്റര്‍ അകലം പാലിച്ചാണ് ഇപ്പോഴത്തെ നിര്‍മാണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുതിരപ്പുഴയാറിന്‍റെ ഇരുതീരത്തുനിന്നും 50 യാര്‍ഡ് (46 മീറ്റര്‍) എങ്കിലും അകലം പാലിച്ചുവേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന ഹൈക്കോടതി  വിധിയുടെ ലംഘനമാണിത്. കഴിഞ്ഞ പ്രളയകാലത്ത് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ പ്രദേശമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പൊതു ആവശ്യത്തിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദേവികുളം സബ്കളക്ടര്‍ പരിശോധിച്ച് എന്‍.ഒ.സി സമര്‍പ്പിക്കേണ്ടതാണെന്ന് നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്ത സബ്കളക്ടറെ എം.എല്‍.എ എസ് രാജേന്ദ്രന്‍ ശകാരിച്ചതായും പൊതുജനമധ്യത്തില്‍ അധിക്ഷേപിച്ചതായും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണെന്നും കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.